31 ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനഞ്ചോളം ബോര്‍ഡുകള്‍ ഗുരുതര പ്രതിസന്ധിയിലാണ്; ധനമന്ത്രി അത് മറയ്ക്കുവാൻ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തില്‍ വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ അവരുടെ ജീവിത സായാഹ്നത്തില്‍ ഭക്ഷണത്തിനും മരുന്നിനും ആരുടെയും മുന്നില്‍ കൈ നീട്ടാതിരിക്കാനാണ് രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ കേരളം നിരവധി ക്ഷേമനിധി ബോര്‍ഡുകള്‍ രൂപീകരിച്ചത്. തൊഴിവകുപ്പിന് കീഴില്‍ പതിനാറും തൊഴില്‍ വകുപ്പിന് പുറത്ത് 15 ക്ഷേമനിധി ബോര്‍ഡുകളുമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .
എത്ര ലാഘവത്വത്തോടെയാണ് ധനകാര്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കണ്ടത്? കട്ട് ചെയ്ത് ഇടാന്‍ വേണ്ടിയാണ് പറയുന്നതെന്നാണ് മന്ത്രി പറഞ്ഞത്. നിങ്ങള്‍ മന്ത്രിമാര്‍ നിയമസഭയില്‍ തന്ന മറുപടി അല്ലാതെ ഒരു കണക്കുകളും ഞങ്ങള്‍ ഇവിടെ പറയില്ല.
ഒരു കോടിയില്‍ അധികം തൊഴിലാളികളാണ് വിവിധ ക്ഷേമനിധി ബോര്‍ഡുകളിലുള്ളത്. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനഞ്ചോളം ബോര്‍ഡുകള്‍ ഗുരുതര പ്രതിസന്ധിയിലാണ്. എന്തിനാണ് മന്ത്രി അത് മറച്ചുവയ്ക്കുന്നത്? ഏഴോളം ബോര്‍ഡുകള്‍ പൂട്ടുന്നതിന് സമാനമായി നില്‍ക്കുകയാണ്. നിങ്ങള്‍ തന്നെ മറുപടിയില്‍ തന്നെ 2200 കോടിയോളം രൂപ പെന്‍ഷന്‍ കുടിശികയായി വിവിധ ബോര്‍ഡുകളിലുണ്ട്. മന്ത്രി വായിച്ചത് നന്നായി നടക്കുന്ന ചില ക്ഷേമനിധി ബോര്‍ഡുകളെ കുറിച്ചാണ്. 35 മുതല്‍ 45 ലക്ഷം വരെ തൊഴിലാളികളെ ബാധിക്കുന്ന തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പൂട്ടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ കുറിച്ച് പറഞ്ഞിട്ടും മന്ത്രി മറുപടി നല്‍കിയില്ലല്ലോ. 1392 കോടി രൂപ കുടിശികയാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലുള്ളത്. 14 മാസത്തെ പെന്‍ഷനാണ് കുടിശികയായത്. പെന്‍ഷനും വിവാഹ ആനുകൂല്യങ്ങളും മരണാനന്തരാനുകൂല്യങ്ങളും ചികിത്സാ ധനസഹായവും ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ കൊടുത്തിട്ട് 14 മാസത്തില്‍ അധികമായി. അവര്‍ എങ്ങനെയാണ് ജീവിക്കുന്നത്? 20 ലക്ഷം പേരാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലുള്ളത്. അതില്‍ അഞ്ച് ലക്ഷത്തില്‍ അധികം പേരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ആ അപേക്ഷയ്ക്ക് മറുപടിയില്ല. എന്നിട്ടാണ് ഈ വിഷയം കൊണ്ടുവന്നതിന് ധനകാര്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നത്.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കുടിശിക 493 കോടി രൂപയാണ്. മൂന്നു ലക്ഷത്തില്‍ അധികം അപേക്ഷകളാണ് കര്‍ഷക തൊഴിലാളി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്നത്. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് ആറു വര്‍ഷമായി അവര്‍ അടച്ച അംശാദായ തുക പോലും നല്‍കിയിട്ടില്ല. എന്നിട്ടാണ് മന്ത്രി ഇങ്ങനെ സംസാരിക്കുന്നത്. 32 കോടിയുള്ള കര്‍ഷക തൊഴിലാളി ബോര്‍ഡിന്റെ ബാധ്യത 500 കോടി രൂപയാണ്.
ഈറ്റ, കാട്ടുവള്ളി തൊഴിലാളികള്‍ക്കും കുടിശകയുണ്ട്. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പ്രസവ സഹായവും പെന്‍ഷനും കുടിശികയാണ്. മൂന്നു മാസമായി പെന്‍ഷന്‍ നല്‍കുന്നില്ല. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 28 കോടി രൂപ ബാധ്യതയാണ്. 2025 വരെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പണം നല്‍കാനുണ്ട്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അപകടത്തിലേക്ക് നീങ്ങുകയാണ്. കൈത്തറി തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ കുടിശികയുണ്ട്.
2023 വരെ വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍ക്ക് നാലു മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. 2024 ല്‍ വിരമിച്ചവര്‍ക്ക് പത്ത് മാസത്തെ പെന്‍ഷനാണ് കുടിശികയായത്. ഇത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ തന്ന മറുപടിയാണ്. അംഗന്‍വാടി ജീവനക്കാര്‍ക്ക് നയാപൈസ കൊടുത്തിട്ടില്ല. ഇതിനൊന്നും മന്ത്രി മറുപടിയില്ല. ഖാദി ക്ഷേമനിധി തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് 14.61 കോടി രൂപയാണ് കുടിശിക നല്‍കാനുള്ളത്.
ചുമട്ടു തൊഴിലാളികള്‍ക്ക് ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടു പോലുമില്ല. 2022- 23, 2023-24 കാലങ്ങളിലും സര്‍ക്കാര്‍ പണം നല്‍കിയില്ല. പകുതിയോളം ക്ഷേമനിധി ബോര്‍ഡുകളാണ് അപകടത്തിലായിരിക്കുന്നത്. നിങ്ങള്‍ ഒറ്റ പെന്‍ഷന്‍ ആക്കിയതിനാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ തൊഴിലാളികള്‍ക്ക് കിട്ടില്ല. നിലവില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബിഡി തൊഴിലാളികള്‍ക്കും പെന്‍ഷനില്ല.
https://www.facebook.com/Malayalivartha