മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ല; ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയിൽ നടന്ന മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാൻ പോലും അവർ തയ്യാറായത് വേറെ മാർഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്.
50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സർക്കാരിന്റെ ധൂർത്ത് മാത്രം ഒഴിവാക്കിയാൽ മതി ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കാം. പിഎസ്.സി മെമ്പർമാരുടെ ഓണറേറിയം, ഹെലികോപ്റ്റർ വാടക, മന്ത്രിമാരുടെ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും തുടങ്ങിയ അനാവശ്യ ധൂർത്ത് ഒഴിവാക്കിയാൽ ആശമാർക്ക് 21,000 രൂപ നൽകാൻ സാധിക്കും. ഒരു സ്ത്രീയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി.
അവർ സ്ത്രീകളുടെ സമരത്തെ തിരിഞ്ഞുനോക്കാത്തത് ഞെട്ടിക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. കേരളത്തിലെ മുഴുവൻ സ്ത്രീകളുടേയും സമരമാണിത്. വൈകാരികമായ ഈ സമരത്തെ അടിച്ചമർത്താൻ സർക്കാരിന് സാധിക്കില്ല. പരാക്രമം സ്ത്രീകളോട്അല്ല വേണ്ടതെന്ന് പിണറായി വിജയൻ മനസിലാക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സർക്കാർ ലംഘിച്ചത്. സ്ത്രീകളുടെ വോട്ട് നേടിയാണ് രണ്ടാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വന്നത്.
കേരളത്തിലെ സ്ത്രീകളുടെ പ്രതീകമാണ് ആശമാർ. മുഴുവൻ സ്ത്രീകളുടെയും പിന്തുണ ഈ സമരത്തിനുണ്ട്. സ്ത്രീ ശക്തിയോട് ഏറ്റുമുട്ടി പരാജയപ്പെടാനാണ് പിണറായി വിജയന്റെ വിധിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha