ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നൽകുന്നത്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓർഗനൈസർ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കൾ നിലപാട് വ്യക്തമാക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ആർ.എസ്.എസിൻ്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ സഭയ്ക്ക് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആർ.എസ്.എസ് മോദി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറിയിൽ ഒരുങ്ങുന്നുണ്ട്. ഓർഗനൈസറിൽ നിന്ന് ലേഖനം മുക്കി എന്നതു കൊണ്ട് അവരുടെ ലക്ഷ്യം ഇല്ലാതാകുന്നില്ല. അപകടകരമായ അവസ്ഥയിലേക്ക് രാജ്യം പോകുന്നു എന്നതിൻ്റെ കൃത്യമായ ഉദാഹരണമാണിത്. വഖഫ് ബില്ലിനെ ശക്തമായി എതിർത്തത് പോലെ ചർച്ച് ബില്ലെന്ന സംഘ്പരിവാറിൻ്റെ ഗൂഢ നീക്കത്തേയും കോൺഗ്രസ് എതിർക്കും എന്നും അദ്ദേഹം പറഞ്ഞു.
രാജ്യ വ്യാപകമായി ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് ബി.ജെ പിക്ക് മൗനമാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാധ്യമ പ്രവർത്തകരെ പുറത്താക്കുക എന്നതാണ് മറുപടി. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയും. കപട ന്യൂനപക്ഷ സ്നേഹം കാട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാറിനെ ഒരു കാരണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
.
https://www.facebook.com/Malayalivartha