വീണ തായിക്കണ്ടി കരിമണല്‍ രാജാവില്‍ നിന്ന് കോടികള്‍ വാങ്ങിയെടുത്തപ്പോള്‍ എന്തു സേവനമാണ് വീണയുടെ കടലാസ് കമ്പനി ചെയ്തുകൊടുത്തതെന്ന നേരായ ചോദ്യത്തിന് ഉത്തരമില്ല; പിണറായി വിജയന്‍ കേരളത്തിലെ മാധ്യമങ്ങളോട് കലിച്ചിട്ടോ കണ്ണുരുട്ടിയിട്ടോ കൈചുരുട്ടിയിട്ടോ കാര്യമില്ല

പിണറായി വിജയന്‍ കേരളത്തിലെ മാധ്യമങ്ങളോട് കലിച്ചിട്ടോ കണ്ണുരുട്ടിയിട്ടോ കൈചുരുട്ടിയിട്ടോ കാര്യമില്ല. മകള്‍ വീണ തായിക്കണ്ടി കരിമണല്‍ രാജാവില്‍ നിന്ന് കോടികള്‍ വാങ്ങിയെടുത്തപ്പോള്‍ എന്തു സേവനമാണ് വീണയുടെ കടലാസ് കമ്പനി ചെയ്തുകൊടുത്തതെന്ന നേരായ ചോദ്യത്തിന് ഉത്തരമില്ല. മകളുടെ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല അടുത്ത മുഖ്യമന്ത്രിയാക്കാന്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന മരുമകന്‍ മന്ത്രി റിയാസും രാജിവയ്‌ക്കേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. കേരളത്തില്‍ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ വിലാസം പോകുന്ന കേസാണ് മകള്‍ പ്രതിയായ കൊള്ളയടിക്കേസ് എന്ന് കാലം തിരിച്ചറിയാന്‍ പോവുകയാണ്.
കേസ് നടക്കട്ടെയെന്നും അതു തന്നെ ബാധിക്കുന്ന കാര്യമേയല്ലെന്നുമൊക്കെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു പിണറായി വിജയന് മൊഴിയാം. അടുത്തയാഴ്ച കേസ് കോടതിയില്‍ വരുമ്പോള്‍ ഇതൊന്നും കോടതിയില്‍ പറഞ്ഞാല്‍ ചെലവാകില്ല. ലാവ്‌ലിന്‍ അഴിമതി കേസ് ഡല്‍ഹിയിലെ കോടതിയില്‍ 72 പ്രാവശ്യം നീട്ടിനീട്ടി മുന്നോട്ടുപോകുന്ന തട്ടിപ്പൊന്നും വീണ പ്രതിയായ കേസില്‍ നടപ്പാകില്ല. അടുത്തയാഴ്ച വീണയുടെ കൈയില്‍ വിലങ്ങുവീഴുമെന്നും കോടതി വീണയെ ശിക്ഷിക്കുമെന്നും മകള്‍ ജയിലില്‍ പോകുമെന്നും പിണറായിക്ക് നന്നായി അറിയാം. എട്ടു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസിലാണ് വീണ പ്രതിയായിരിക്കുന്നത്.
അതിന്റെ കലിപ്പും അമര്‍ഷവും വിഷമവും മുന്നില്‍ വരുന്ന മാധ്യമപ്രതിനിധികളോടു കാണിച്ചിട്ടൊന്നും കാര്യമില്ല. സ്തുതി പാടാത്ത എല്ലാ പത്രക്കാരോടും ചാനലുകാരോടും പിണറായി വിജയന് എല്ലാക്കാലത്തും കട്ടക്കലിപ്പാണ്. അതുകൊണ്ടാണല്ലോ തനിക്കെതിരെ കേരളത്തില്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിറണായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും അവരെ ആക്ഷേപിക്കുന്നതും. ആ മാധ്യമസിന്‍ഡിക്കറ്റില്‍ ആരൊക്കെയാണുള്ളതെന്നും അവര്‍ എന്തു ചെയ്തു എന്നും പിണറായി വിജയന്‍ പറയുന്നില്ല. ആകാശത്തേക്കു നോക്കി വെടിവയ്ക്കുന്ന തന്ത്രമാണ് പിണറായി ഏറെക്കാലമായി പയറ്റുന്നത്.
വീണാ വിജയനെതിരായ മാസപ്പടി കേസിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നുമാണ് സഖാവ് പുശ്ചരസത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് മൊഴിഞ്ഞത്. രാജാവായി വാഴാന്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പോയ പിണറായി വിജയന്‍ ആകെ ചീറ്റി തലയില്‍ മുണ്ടിട്ടാണ് തിരികെ തിരുവനന്തപുരം പറ്റിയത്. അതിനുശേഷം പത്രക്കാരോട് കോഴക്കഥയില്‍ ന്യായീകരണം നടത്താന്‍ ഒളിവില്‍ നിന്നു പുറത്തിറങ്ങി നടത്തിയ പത്രസമ്മേളനം സഖാവിന് വല്ലാത്ത കെണിയായി മാറി. കേസ് കോടതിയില്‍ നടക്കട്ടെ. എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്. മറ്റൊരു സ്റ്റാലിനായി കേരളം അടക്കിവാഴുന്ന പിണറായി മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു.
മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണെന്നും തന്റെ മകളായതിനാലാണ് വേട്ടയാടുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മാനിഫെസ്റ്റോ. മകള്‍ നടത്തിയ സ്ഥാപനം നല്‍കിയ സേവനത്തിനുള്ള പണമാണ് ലഭിച്ചതെന്നും കള്ളപ്പണമല്ലെന്നും നികുതിയും കണക്കുകളും രേഖാമൂലം നല്‍കിയതാണെന്നുമൊക്കെ പത്രക്കാരോട് പറയാം, കോടതിയില്‍ അതൊന്നും ചെലവാകില്ല. എത്ര രൂപ, എന്തു സേവനം, ആ പണം എവിടെപ്പോയി, ഏത് അക്കൗണ്ടില്‍ പോയി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് കോടതിയോട് സമാധാനം പറയാതെ തരമില്ല.
സിപിഎം നേതാവും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാര്‍ട്ടി പ്രതിരോധിക്കാതിരിക്കുകയും വീണ വിജയന്റെ കേസിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങുകയും ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പിണറായി വിജയന്റെ പ്രതികരണം മറ്റൊരു വെല്ലുവിളിയായിരുന്നു. അതിനെന്താ ആശ്ചര്യം. ബിനിഷിന്റെ കേസില്‍ കൊടിയേരിയെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായില്ല. മകളുടെ കേസില്‍ അങ്ങനെ അല്ല. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നൊക്കെയാണ് പിണറായി പറയുന്നത്. അതായത് കോടിയേരിയല്ല ഞാന്‍, ഞാന്‍ കേരളം വാഴുന്ന സ്വേച്ഛാധിപതിയാണ്, പാര്‍ട്ടി എന്റെ കാല്‍ക്കീഴിലാണ്, പാര്‍ട്ടിയെക്കാള്‍ മുകളിലാണ് ഞാന്‍ എന്നുതന്നെയാണ് പിറണായി വിജയന്റെ ഉറച്ചനിലപാട്.
മാസപ്പടി കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് നാഷണല്‍ ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന അന്വേഷണം തനിക്കു പുല്ലാണെന്ന മട്ടിലാണ് പിണറായുടെ നിലപാട്. കരിമണല്‍ വിഷയവുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും എന്തെങ്കിലും തെളിവുണ്ടോയെന്നുമൊക്കെ പിണറായി അട്ടഹസിക്കുന്നു. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പ്രതി ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ അറസ്റ്റ് ചെയ്‌തേക്കില്ലെന്ന നിയമോപദേശമാണ് പിണറായിക്ക് കിട്ടിയിരിക്കുന്നത്. പിണറായി വിജയന്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുന്നതും ആ പ്രതീക്ഷയിലാണ്. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് സൂചന. നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണ പ്രതിയാണ്. എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. എസ്എഫ്ഐഓ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക. കുറ്റം നിലനിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
തുടര്‍ന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടിവരൂ. ഈ സാഹചര്യത്തില്‍ എങ്ങനെ വിഷയം ഒതുക്കിത്തീര്‍ക്കാമെന്നുള്ള ആലോചനയിലാണ് പാര്‍ട്ടിയും പരിവാരങ്ങളും. ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വരികയാണ്. സിപിഎമ്മിന്റെ മാത്രമല്ല എല്‍ഡിഎഫിന്റെ അടിപറിയാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് വരാനിരക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ശക്തമായ തിരിച്ചടിയുണ്ടാകും. മകള്‍ കോഴക്കേസില്‍ പ്രതിയായിരിക്കെ പിണറായി വിജയന് എങ്ങനെ ജനങ്ങളുടെ മുന്നില്‍ വോട്ടുചോദിക്കാനാകും എന്നതാണ് ന്യായമായ ചോദ്യം.
https://www.facebook.com/Malayalivartha