പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിഴിഞ്ഞം തുറമുഖത്ത് പോയി സകുടുംബം ഫോട്ടോ എടുത്തിട്ട് പിണറായി വിജയൻ പറയുകയാണ്, ഞാൻ ചെയ്തത് കണ്ടില്ലേയെന്ന്! പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . നാട്ടിൽ എന്ത് നടന്നാലും അതിന്റെ പിതൃത്വം അവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ അബദ്ധം പിണറായി വിജയന് സംഭവിക്കരുത്. വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടി കൊണ്ടുവന്നപ്പോൾ ആറായിരം കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞത്.
കടൽക്കൊള്ളയെന്നും മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ ആകുമെന്നുമാണ് പാർട്ടി മുഖപത്രമായ ദേശാഭിമാനി എഴുതിയത്. പിണറായി 9 കൊല്ലമായി അധികാരത്തിൽ ഇരുന്നിട്ടും ഉമ്മൻ ചാണ്ടി ചെയ്ത ഒരു അഴിമതി പുറത്തുകൊണ്ടു വരാൻ സാധിച്ചോ? 2019 ൽ തീർക്കേണ്ട വിഴിഞ്ഞം പദ്ധതി ആറു കൊല്ലം വൈകി ഇപ്പോൾ സ്വാഭാവികമായും പൂർത്തിയായതാണ്. കരാർ പ്രകാരമുള്ള റെയിൽ, റോഡ് കണക്ടിവിറ്റികൾ പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ പടമാണ് വിഴിഞ്ഞം തുറമുഖത്തിന് മുന്നിൽ വയ്‌ക്കേണ്ടത്. പ്രധാനമന്ത്രിയെയും കൂട്ടി പിണറായി വിജയൻ ഉദ്ഘാടനത്തിന് പോകുമ്പോൾ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തണം.
പ്രതിപക്ഷ നേതാവിനെ വിളിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഔചിത്യമാണ്. അപ്രിയ സത്യങ്ങൾ പറയുമെന്ന് ഭയന്നാകും വിളിക്കാതിരുന്നത്. സർക്കാരിന്റെ നാലാം വാർഷികം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതു കൊണ്ടാണ് വാർഷികത്തിന്റെ ഭാഗമായുള്ള തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്നത് എന്നാണ് മന്ത്രി വി.എൻ വാസവൻ പറഞ്ഞത്. അപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണോ നടത്തുന്നത്? അതുകൊണ്ടാണോ പ്രധാനമന്ത്രിയെ വിളിച്ചത്. പിണറായി വിജയന്റെ നാലാം വാർഷികത്തിൽ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നത്? മോദിയെ കൊണ്ട് പിണറായി വിജയൻ അഭിനന്ദന വാക്ക് പറയിപ്പിച്ചാലും കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാകില്ല. ജനങ്ങൾക്ക് അറിയാം വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് ആരാണെന്ന്.
ഉമ്മൻ ചാണ്ടി കൊണ്ടു വന്ന മെട്രോ റെയിലിന്റെ ഉദ്ഘാടത്തിന് പോലും ഈ സർക്കാർ അദ്ദേഹത്തെ വിളിച്ചില്ല. ഉമ്മൻ ചാണ്ടി ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഭയന്നാണ് അന്ന് അദ്ദേഹത്തെ പിണറായി വിജയൻ വിളിക്കാതിരുന്നത്. ഇതെല്ലാം പറയും എന്നതു കൊണ്ടാണ് ഇപ്പോൾ വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെയും വിളിക്കാതിരുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് തുറമുഖം ഉദ്ഘാടനം ചെയ്താലും ജനങ്ങളുടെ മനസിൽ ഉമ്മൻ ചാണ്ടിയുണ്ടാകും.
സി.പി.എമ്മും ബി.ജെ.പിയും സഹയാത്രികരാണ്. ഡൽഹയിൽ നിർമ്മല സീതാരാമനു വേണ്ടി മുഖ്യമന്ത്രി ബ്രേക്ക് ഫാസ്റ്റ് ഒരുക്കിയത് എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ നിന്നും മകളെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ഇതിനു പിന്നാലെയാണ് ഗവർണർമാർക്ക് അത്താഴ വിരുന്ന് ഒരുക്കിയത്. ബി.ജെ.പിക്കാരുമായാണ് മുഖ്യമന്ത്രിയും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും. മകൾക്കെതിരായ അന്വേഷണങ്ങൾ ഒഴിവാക്കാനാണ് പിണറായി വിജയൻ ബി.ജെ.പി നേതാക്കളുടെ കാല് പിടിക്കുന്നത്.
https://www.facebook.com/Malayalivartha