പിണറായി മന്ത്രിസഭയില്‍ നിന്നും ഇപി ജയരാജന്‍ പുറത്തേക്ക്, ജയരാജനോട് സ്വയം രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശം, അല്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
ബന്ധുനിയമനത്തില്‍ വിവാദത്തിലായ വ്യവസായമന്ത്രി ഇപി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കും. അദ്ദേഹത്തോട് കൂടുതല്‍ വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കാതെ രാജിവെക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പിണറായി ജയരാജനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നാല്‍ ജയരാജനെ പുറത്താക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞിരുന്നു. അതിനിടെ ഇന്നലെ ജയരാജനെ വിമര്‍ശിച്ച് സിപിഎം മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന്‍ രംഗത്തെത്തി. ഇപി ജയരാജന്റെ ബന്ധു നിയമനങ്ങള്‍ തെറ്റാണെന്ന കാര്യത്തിലാണ് പിണറായിയും വിഎസും ഒരേനിലപാട് സ്വീകരിച്ചത്. അതിനിടെ ബന്ധുനിയമനത്തെ കുറിച്ച് പോസ്റ്റിട്ട പി കെ ശ്രീമതിക്കെതിരെയും പിണറായി രംഗത്ത് വന്നു. ഇതോടെ ഇപി ജയരാജനും പി കെ ശ്രീമതിയും ശരിക്കും വെട്ടിലാകുകയും ചെയ്തു.
നല്ല നിലയില്‍ മുന്നേറിയ ഭരണത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്നതാണ് പൊതുവികാരത്തിനൊപ്പമാണ് വിഎസും പിണറായിയും. പാര്‍ട്ടിയിലും അണികള്‍ക്കുമിടയില്‍ ഇപി ജയരാജന്‍ ഇതിനോടകം തന്നെ ഒറ്റപ്പെട്ടുകഴിഞ്ഞു. കണ്ണൂരിലെ ചായക്കടകളില്‍ പോലും ഇപിക്കെതിരായ ചര്‍ച്ചകളാണ് നടക്കുന്നത്. യുഡിഎഫിന്റെ കെടുത്തിക്കെതിരെ പ്രതിഷേധമെന്ന നിലയില്‍ ഭരണത്തിലേറ്റിയ സര്‍ക്കാറിന്റെ ശോഭ കെടുത്തിയ നടപടിയായിപ്പോയി ഇപിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും സംസാരം. വിഷയത്തില്‍ പിണറായി തിരുത്തുമെന്ന പ്രതീക്ഷിക്കുന്നവരും ഏറെയാണ്
പിണറായിയോട് ചര്‍ച്ച ചെയ്യാതെയാണ് വിവാദ നിയമനങ്ങളില്‍ തീരുമാനം ഉണ്ടായതെന്ന കാര്യം വ്യക്തമാണ്. പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ കാര്യത്തിലാണ് പിണറായിക്ക് കടുത്ത അതൃപ്തി. സുധീറിന്റെ നിയമനകാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ജയരാജന്‍ സെക്രട്ടേറിയറ്റില്‍ പറഞ്ഞതായാണ് സൂചന. എന്നാല്‍ ഇത് അറിയിച്ചില്ലെന്നും അറിയുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നടന്ന യോഗത്തിലായിരുന്നു ഇത്. എന്നാല്‍, നിയമനങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രി കൈയൊഴിഞ്ഞു. എല്ലാനിയമനങ്ങളും ഒരേരീതിയില്‍ കാണാനാവില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിനുശേഷവും ഇപ്പോള്‍ നടക്കുന്നത് ഗൗരവമുള്ള സംഭവങ്ങളാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി എല്ലാ നിയമനങ്ങളെയും സംശയത്തിന്റെനിഴലില്‍ നിര്‍ത്തിയെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
വിവാദത്തില്‍ ഇ.പി. ജയരാജനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിനേതാക്കളും സിപിഐ(എം). മന്ത്രിമാരും രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിക്കോട്ടയായ കണ്ണൂരിലെ പ്രമുഖനായിട്ടും ഇ.പി. ജയരാജന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പഴയ നിയമനവിവാദത്തില്‍ പുതിയ വിശദീകരണവുമായി എത്തിയതോടെ ശ്രീമതിയും ഇതിലുള്‍പ്പെട്ടെന്നുമാത്രം. കണ്ണൂരില്‍നിന്നുപോലും ഒരാളും ഇരുവരെയും പിന്തുണയ്ക്കാനെത്തിയില്ല.
വ്യവസായവകുപ്പിലെ നിയമനങ്ങളെച്ചൊല്ലിയുള്ള വിവാദം പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്ന് മാത്രമേ പാര്‍ട്ടിയുടെ മറ്റ് പ്രമുഖനേതാക്കള്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടുള്ളൂ. സംഭവിച്ചത് വലിയ വീഴ്ചയാണെന്ന വിലയിരുത്തലില്‍തന്നെയാണ് നേതൃത്വം. ജയരാജന്‍ നിയമനം നല്‍കിയ പി.കെ.സുധീര്‍ നമ്പ്യാരുടെ മാതാവും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയോടുള്ള നീരസവും പിണറായി മറച്ചുവച്ചില്ല. ഇതോടെ 14ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശ്രീമതിയും ജയരാജനും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരും.
വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ടെന്ന മുന്‍ മുഖ്യമന്ത്രി വി. എസ്.അച്യുതാനന്ദന്റെ പ്രതികരണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി.
നാലു മാസം മാത്രം പ്രായമായ തന്റെ സര്‍ക്കാരിനെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ചിലരെല്ലാംകൂടി കുഴപ്പത്തിലാക്കിയെന്ന കടുത്ത അമര്‍ഷത്തിലാണു മുഖ്യമന്ത്രി. സിപിഐ(എം) നേതാക്കളും മക്കളും വഴിവിട്ട നടപടികള്‍ നടത്തുന്നു എന്ന് ആരോപിച്ചു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വിജിലന്‍സിനെ സമീപിച്ചപ്പോള്‍ത്തന്നെ ജാഗ്രത വേണമെന്ന മുന്നറിയിപ്പു പിണറായി പാര്‍ട്ടിക്കു നല്‍കിയിരുന്നു എന്നാണു വിവരം. അതു ലംഘിച്ചാണു പാര്‍ട്ടി ജില്ലാ കമ്മിറ്റികളടക്കം നിര്‍ദേശിക്കുന്ന പേരുകളൊന്നും പരിഗണിക്കാതെ നിയമനങ്ങളുമായി ചില മന്ത്രിമാര്‍ മുന്നോട്ടു പോയത്.
രണ്ടു വനിതാ മന്ത്രിമാരുടെ ബന്ധുക്കളുടെ നിയമനങ്ങളും ഇതിനിടെ ചര്‍ച്ചയായി. സമൂഹമാദ്ധ്യമങ്ങളിലും പാര്‍ട്ടിയും മന്ത്രിമാരും കടുത്ത വിചാരണ നേരിടുന്നു.
ഇപ്പോഴത്തെ നിലയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ പി ജയരാജന്‍ രാജിവെക്കേണ്ട സാഹചര്യം സംജാതമാകും. പ്രതിപക്ഷം ഈ ആവശ്യം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha