ജയരാജന് പകരം മന്ത്രി, എംഎല്‍എമാര്‍ക്കായി പിണറായിയും കോടിയേരിയും തമ്മില്‍ ചേരിതിരിയുന്നു, സി.പി.എമ്മില്‍ തമ്മിലടി തുടങ്ങി, പുതിയ മന്ത്രിയെ കണ്ടെത്തുക കീറാമുട്ടിയായി മാറും
ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍നിന്നും പുറത്തുപോയ സാഹചര്യത്തില്‍ പകരം മന്ത്രിയെച്ചൊല്ലി സി.പി.എമ്മില്‍ തമ്മിലടി രൂക്ഷമായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും മന്ത്രിസ്ഥാനത്തേക്ക് നോമിനികളുള്ളതിനാല്‍ പുതിയ മന്ത്രിയെ കണ്ടെത്തുക കീറാമുട്ടിയായി മാറും. മന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ മുന്‍കാല ചെയ്തികള്‍ പുറത്തുക്കാട്ടി അവസരം നഷ്ടപ്പെടുത്താനാണ് പാര്‍ട്ടിയിലെ മറ്റ്ശാക്തികചേരികളുടെ ശ്രമം. മന്ത്രിമാരല്ലാത്ത മുതിര്‍ന്ന നേതാക്കളായ എം.എല്‍.എമാര്‍ എല്ലാംതന്നെ മന്ത്രിസ്ഥാനത്തിനായി ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. പുതിയ മന്ത്രിയെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെങ്കിലും പേരുകള്‍ പലതും പ്രചരിക്കുകയാണ്.
ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കിയതോടെ വ്യവസായ വകുപ്പിനുവേണ്ടി വന്‍സമ്മര്‍ദ്ദമാണ് നേതാക്കളില്‍നിന്നുമുണ്ടാകുന്നത്. പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തുണ്ട്. മത, സാമുദായിക ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിമാരാകാനാണ് ചില എം.എല്‍.എമാരുടെ നീക്കം. സുരേഷ് കുറുപ്പ്, വി.കെ.സി മമ്മത് കോയ, എം.എം. മണി, എസ്. ശര്‍മ്മ എന്നിവരുടെ പേരുകളാണ് പിന്നാമ്പുറങ്ങളില്‍ സജീവമായി കേള്‍ക്കുന്നത്. സുരേഷ് കുറുപ്പ്, എം.എം. മണി, എസ്. ശര്‍മ്മ എന്നിവരുടെ പേരുകള്‍ മന്ത്രിസഭാ രൂപീകരണ സമയത്തും സജീവമായിരുന്നു. സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി പകരം ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ സജീവമാണെങ്കിലും ഇതുസംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്.
ഇ.പി. ജയരാജന്‍ മലബാറില്‍ നിന്നായിരുന്നതിനാല്‍ മലബാറിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന വാദവും ശക്തമാണ്. ഇക്കാകര്യം പരിഗണിച്ചാല്‍ എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ എന്നിവരെയായിരിക്കും പരിഗണിക്കുക. മുന്‍ വി.എസ്.പക്ഷക്കാരനായ പ്രദീപ്കുമാറിനോട് മുഖ്യമന്ത്രി പിണറായി വിജയന് അത്ര താല്‍പര്യമില്ല. മന്ത്രി സ്ഥാനത്തേക്ക് എസ്.ശര്‍മ്മയുടെ പേര് വി.എസ്.പക്ഷം മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും ഔദ്യോഗികപക്ഷത്തിന് ശര്‍മ്മയോടുള്ള താല്‍പര്യക്കുറവ് അദ്ദേഹത്തിന് തിരിച്ചടിയാകും. വി.എസ്.അച്യുതാനന്ദനോടൊപ്പം ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന ശര്‍മ്മ മന്ത്രിസഭയില്‍ എത്തിയാല്‍ ക്യാബിനറ്റ് രഹസ്യങ്ങള്‍ വി.എസിന് അറിയാന്‍ കഴിയുമെന്ന ആശങ്കയും മുഖ്യമന്ത്രിയൊട് അടുപ്പമുള്ളവര്‍ക്കുണ്ട്. അഞ്ചുതവണ എം.എല്‍.എയായ രാജുഎബ്രഹാമിനെ ഇത്തവണയും തഴയാനാണ് സാധ്യത.
പുതുതായി മന്ത്രിസഭയില്‍ എത്തുന്നവര്‍ക്ക് വ്യവസായ വകുപ്പ് നല്‍കില്ല. കേന്ദ്രകമ്മിറ്റി അംഗമായ ജയരാജന് പകരം കേന്ദ്രകമ്മിറ്റി അംഗത്തിന് തന്നെ വ്യവസായ വകുപ്പ് നല്‍കാന്‍ തീരുമാനിച്ചാല്‍ എ.കെ.ബാലനാണ് സാധ്യത കല്‍പ്പിക്കുന്നത്. മന്ത്രിസഭയില്‍ രണ്ടാമനാകാന്‍ ശ്രമിച്ച ബാലനെ മറിക്കടന്നാണ് ഇ.പി.ജയരാജന്‍ രണ്ടാമനായത്. ജയരാജനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ബാലന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
മന്ത്രിസഭയിലെ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കിന് വ്യവസായ വകുപ്പ് നല്‍കുന്നതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. ഇരുവരും തമ്മില്‍ കടുത്തഭിന്നതയിലാണ്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരിക്കും വ്യവസായ വകുപ്പ് നല്‍കുക. പാര്‍ട്ടിയില്‍ പുതിയ മന്ത്രിയെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണായകമാകുക. അതേസമയം പുതിയ മന്ത്രിയെ ഉടന്‍ വേണമെന്ന് ചിലര്‍ ആവശ്യപ്പെടുമ്പോള്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മന്ത്രിയെ നിശ്ചയിക്കേണ്ടതില്ലെന്ന അഭിപ്രായവും ചില കോണുകളില്‍നിന്നും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha