കമലിന്റെ വീടിനുമുന്നില്‍ ദേശീയഗാനം ആലപിക്കുമെന്ന് ബിജെപി; വിവാദമായത് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്താല്‍ ചലച്ചിത്ര മേള നിര്‍ത്തിവയ്ക്കുമെന്ന് പറഞ്ഞത്
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വസതിക്കുമുന്നില്‍ ബുധനാഴ്ച ദേശീയഗാനം ആലപിക്കാനൊരുങ്ങി ബിജെപി. രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പിന്നാലെയാണ് ബിജെപിയുടെ തീരുമാനം. തൃശൂര്‍ കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിന് മുമ്ബില്‍ രാവിലെ പത്തിനായിരിക്കും ദേശീയഗാനം ആലപിക്കുക.
ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് മുന്‍പായി ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയത് കമലിന്റെ നിര്‍ദ്ദേശ പ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു.
ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് മേളയില്‍ ഒരു വിഭാഗം ഡെലിഗേറ്റുകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുകയുമുണ്ടായി. തിയേറ്ററില്‍ മഫ്റ്റിയില്‍ പൊലീസ് കയറാന്‍ അനുവദിക്കില്ലെന്നും ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്താല്‍ മേള നിര്‍ത്തിവയ്ക്കുമെന്നും കമല്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha