കോണ്‍ഗ്രസ് പഞ്ചാബില്‍ തിരിച്ചു വരവിന്റെ പാതയില്‍, നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിനു വേണ്ടി അമൃത്സറില്‍ മത്സരിക്കും
മുന്‍ ബിജെപി എംപിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന നവജ്യോത് സിങ് വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി അമൃത്സറില്‍ മത്സരിക്കും. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അമൃത്സറില്‍ മത്സരിക്കുന്ന കാര്യത്തില്‍ സിദ്ദു അന്തിമ തീരുമാനമെടുത്തത്. നേരത്തെ സിദ്ദുവിന്റെ ഭാര്യ മത്സരിച്ച മണ്ഡലമാണിത്.
അമൃത്സറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് സിദ്ദു മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, 2012ല്‍ സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ജനവിധി തേടാനാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ തീരുമാനം.
സിദ്ദുവിനെ ലോക്‌സഭയിലേക്കും ഭാര്യയെ നിയമസഭയിലേക്കും മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. എന്നാല്‍, ഇരുവരും നിയമസഭയിലേക്ക് മത്സരിക്കുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പാര്‍ട്ടി ടിക്കറ്റ് പ്രഖ്യാപിച്ചശേഷം സിദ്ദുവിന് സ്വീകരണം നല്‍കാനും സുവര്‍ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനുമാണ് പരിപാടി.
നേരത്തെ ബിജെപി വിട്ടുവന്നശേഷം ആം ആദ്മി പാര്‍ട്ടിയില്‍ സിദ്ദു അംഗമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിദ്ദു സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയശേഷമാണ് പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. സിദ്ദുവിന്റെ ഭാര്യയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും.
https://www.facebook.com/Malayalivartha