ബിനോയിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; സാമ്പത്തിക ഇടപാടിന്റെ പേരിൽ ബിനോയിക്കെതിരെ ഒരു കേസും ഇന്ത്യയിലും ദുബായിലും ഇല്ല; വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടിൽ കേരള സര്‍ക്കാരിനോ സിപിഎമ്മിനോ ഒന്നും ചെയ്യാനില്ല; നിലപാട് വ്യക്തമാക്കി സിപിഎം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബിനോയിക്കെതിരെ ദുബായില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി കോടിയേരി ബാലകൃഷ്‌ണനും സിപിഎമ്മിനെതിരെയും ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ആരോപണ വിധേയനായ ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയിലും വിദേശത്തുമില്ല. ദുബായില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികള്‍ ഉള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരള സര്‍ക്കാരിനോ, കേരളത്തിലെ സിപിഎമ്മിനോ ഒന്നും ചെയ്യാനില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വസ്‌തുതകള്‍ മറച്ചുവെച്ച് കോടിയേരി ബാലകൃഷ്‌ണനും സിപിഎമ്മിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്. രണ്ട് കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് സിപിഎമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണ്. കോടിയേരി ബാലകൃഷ്‌ണന് എതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ തള്ളിക്കളയണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha