ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിൽ തമ്മിലടി; രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്
രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം ഭരണകക്ഷിയായ ബിജെപി തോൽവി ഏറ്റുവാങ്ങിയതോടെ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ പടയൊരുക്കം. രാജസ്ഥാനിൽ ആദ്യമായാണ് ഭരണ കക്ഷി ഉപതെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചത്.
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷി പാർട്ടി തോറ്റത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ മുൻ നിർത്തി തെരഞ്ഞെടുപ്പ് നേരിടുക എന്നത് പ്രയാസകരമാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് മണ്ഡലങ്ങളെല്ലാം തിരിച്ചുപിടിച്ചു.
2019 ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുടെ ശക്തികേന്ദ്രമായ രാജസ്ഥാനിൽ നിന്നും ലഭിച്ച തിരിച്ചടി ദേശീയ നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്നും പാഠം ഉൾകൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha