കോൺഗ്രസ്സിനെ വിമർശിക്കുന്നത് നിർത്തി സ്വന്തമായി പദ്ധതികള്‍ പ്രഖ്യാപിക്കണം; കോണ്‍ഗ്രസിനെ മടുത്തിട്ടാണ് ജനങ്ങള്‍ ബി.ജെ.പിയെ തെരഞ്ഞെടുത്തത്; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനുമായി ശിവസേന നേതാവ് മനീഷ കയാണ്ഡേ. ലോക്സഭയില്‍ പ്രധാനമന്ത്രി നടത്തിയ നന്ദിപ്രമേയ പ്രസംഗത്തിനെതിരെയാണ് ശിവസേനയുടെ പ്രതികരണം. ബി.ജെ.പി അധികാരത്തില്‍ എത്തിയിട്ട് നാല് വർഷം ആയെന്നും ഇനിയെങ്കിലും കോൺഗ്രസ്സിനെ വിമർശിക്കുന്നത് അവസാനിപ്പിച്ച് സ്വന്തമായി പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ശിവസേന നേതാവ് മനീഷ കയാണ്ഡേ പറഞ്ഞു.
ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. രാജ്യത്തെ വിഭജിക്കുന്നതിന് കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ്, സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗം ആകുമായിരുന്നെന്നും കോണ്‍ഗ്രസ് വിതച്ച വിഷത്തിന്റെ ദുരന്തം എല്ലാ ഇന്ത്യക്കാരനും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
അതേസമയം ബിജെപി നിലപാടുകളെ കടന്നാക്രമിക്കുകയാണ് ശിവസേന. രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചിരുന്നു. ഒരു കാരണവശാലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോകില്ലെന്നും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha