പ്രധാനമന്ത്രിയാണെന്നത് നരേന്ദ്ര മോദി മറന്നു; നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിന് പകരം മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗം; എപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കയ്യടി നേടുന്ന പ്രധാനമന്ത്രി എന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക; മോദിയ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി
കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും അധിക്ഷേപിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്. എപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് മോദി സംസാരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രിയാണെന്നത് നരേന്ദ്ര മോദി മറന്നു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കയ്യടി നേടുന്ന പ്രധാനമന്ത്രി എന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പൊതുപരിപാടികളില്‍ ആയിക്കൊള്ളൂ. പാര്‍ലമെന്‍റില്‍ അത് വേണ്ട. റാഫേല്‍ ഇടപാട്, തൊഴിലില്ലായ്മ, രാജ്യത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് പാര്‍ലമെന്‍റില്‍ മറുപടി പറയേണ്ടതെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചത്. കോണ്‍ഗ്രസ് വിതച്ച വിഷത്തിന്റെ ദുരന്തം എല്ലാ ഇന്ത്യക്കാരനും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha