രാഹുൽ ഗാന്ധി എന്റെയും ബോസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചതുപോലെ രാഹുലിനൊപ്പവും പ്രവര്‍ത്തിക്കണം; രാഹുലിനു കീഴില്‍ പാര്‍ട്ടി ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ നഷ്ടപ്പെട്ടവ തിരികെക്കൊണ്ടുവരാന്‍ സാധിക്കുമെന്നും സോണിയ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെയും ബോസാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടൊപ്പം എങ്ങനെ പ്രവര്‍ത്തിച്ചുവോ അതേ ആത്മാര്‍ത്ഥതയോടും തികഞ്ഞ പ്രതിബദ്ധതയോടും രാഹുലിനൊപ്പവും പ്രവര്‍ത്തിക്കണമെന്നും സോണിയ ഗാന്ധി.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
ബി ജെ പിയുടെ ഭരണം രാജ്യത്ത് ഭയവും ഭീതിയും നിറച്ചിരിക്കുകയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന രാജ്യത്തിൻറെ ബഹുസ്വര സ്വഭാവം ഇന്ന് നശിപ്പിക്കപ്പെട്ടിരിക്കുയാണ്. ബി ജെ പിയെ പരാജയപ്പെടുത്തി ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും പുന:സ്ഥാപിക്കണമെന്നും സോണിയ വ്യക്തമാക്കി.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. രാഹുലിനു കീഴില്‍ പാര്‍ട്ടി ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ നഷ്ടപ്പെട്ടവ തിരികെക്കൊണ്ടുവരാന്‍ സാധിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ്, രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവ ഇതിന്റെ സൂചനയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha