പ്രധാനമന്ത്രി റിയർ വ്യൂ മിറർ നോക്കിയാണ് വണ്ടി ഓടിക്കുന്നത്; അങ്ങനെ സംഭവിച്ചതാണ് നോട്ട് നിരോധനവും ജിഎസ്ടിയും; എങ്ങനെ വണ്ടി ഓടിക്കണമെന്ന് മോദി സിദ്ധരാമയ്യയുടെ അടുത്തുവന്നു പഠിക്കണമെന്നും രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റിയർ വ്യൂ മിറർ നോക്കിയാണ് പ്രധാനമന്ത്രി വണ്ടി ഓടിക്കുന്നത് അങ്ങനെ വണ്ടി ഓടിക്കുമ്പോള്‍ പല അപകടങ്ങളും സംഭവിക്കും. അങ്ങനെ ഉണ്ടായതാണ് നോട്ട് നിരോധനവും ജിഎസ്ടിയുമെന്ന് രാഹുൽ പരിഹസിച്ചു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വണ്ടി എങ്ങനെ ഓടിക്കണമെന്ന് മോദി വേണമെങ്കിൽ സിദ്ധരാമയ്യ സർക്കാരിനെ മാതൃകയാക്കണമെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്നില്ല. കർഷകരെ സഹായിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നില്ല. യുവാക്കൾക്കു ജോലി നൽകുന്നതിനെ കുറിച്ചു സംസാരിക്കുന്നില്ല. കോണ്‍ഗ്രസ് പാർട്ടിയുടെ കഴിഞ്ഞ കാലം സംബന്ധിച്ചു മാത്രമാണ് അദ്ദേഹം സംസാരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നു. മോദിയുടെ വാക്കുകൾ പൊള്ളയാണ്. വാക്കിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നില്ല. കള്ളം പറയുന്നവരെ എന്തിന് വിശ്വസിക്കുന്നുവെന്നും രാഹുൽ ചോദിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയിൽ പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും പുറമേ പ്രധാന ക്ഷേത്രങ്ങളും മഠങ്ങളും രാഹുൽ സന്ദർശിക്കും.
https://www.facebook.com/Malayalivartha