രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതനായി മാണി; രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം എടുക്കണം
എം. പി വീരേന്ദ്രകുമാർ രാജിവെച്ചതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതനായി കെ എം മാണി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുൻപേ നിലപാട് വ്യക്തമാക്കുമെന്ന് മാണി പറഞ്ഞിരുന്നു. എന്നാൽ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുന്നത് മാണിയാണ്.
നിയമസഭയിലെ അംഗ ബലം അനുസരിച്ച് എൽഡിഎഫിന് അനായാസം സീറ്റ് നേടാം. സ്ഥാനാർത്ഥി പ്രഖ്യാപനം അടക്കമുള്ള കാര്യങ്ങളിൽ ഇരു മുന്നണികളും തീരുമാനം എടുക്കേണ്ടതുണ്ട്. ആറ് എം എൽ എ മാരാണ് മാണിക്കുള്ളത്. മാണിയുടെ രാഷ്ട്രീയ നിലപാടിനനുസരിച്ചായിരിക്കും ആർക്ക് വോട്ട് ചെയ്യണമെന്നുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക.
എന്നാൽ ഇടത് മുന്നണിയോട് അടുക്കുന്ന മാണിയെ തിരികെ യുഡിഎഫിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതാക്കൾ. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാണിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിപിഎം സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് മാണിയെ അനുനയിപ്പിക്കാൻ കുഞ്ഞാലിക്കുട്ടി എത്തിയത്. തുടർന്ന് യുഡിഎഫ് നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ മാണി വേദി പങ്കിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha