48 വര്‍ഷത്തെ കുടുംബവാഴ്ചയും 48 മാസത്തെ എന്‍ഡിഎ ഭരണവും താരതമ്യം ചെയ്യണം; പുതുച്ചേരിക്ക് അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറാന്‍ കഴിയാത്തതിനു കാരണം കോണ്‍ഗ്രസ് ഭരണമാണ്; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നു. കുടുംബവാഴ്ചയില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസ് ഭരണവും വികസനത്തില്‍ അധിഷ്ഠിതമായ എന്‍ഡിഎ ഭരണവും തമ്മില്‍ താരതമ്യം ചെയ്തുനോക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറാന്‍ കഴിയാത്തതിനു കാരണം ഇവിടുത്തെ കോണ്‍ഗ്രസ് ഭരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 48 വര്‍ഷം രാജ്യത്തെ ഭരണം നടത്തിയത് ഒരു കുടുംബം ആയിരുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാരുകളെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം. എന്‍.ഡി.എ സര്‍ക്കാര്‍ മെയ് മാസത്തില്‍ 48 മാസം പൂര്‍ത്തിയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതൃത്വം നല്കിയ സര്‍ക്കാരുകളും ബി.ജെ.പി നേതൃത്വം നല്കിയ എന്‍.ഡി.എ സര്‍ക്കാരും കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ ബുദ്ധിജീവികള്‍ താരതമ്യം ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പുതുച്ചേചരിയിലും കർണ്ണാടകയിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha