ഇന്ത്യയില്‍ ഇനി ഭാവി ഇടത്പക്ഷത്തിന് മാത്രം; വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാകാനാണ് തനിക്ക് താല്പര്യം; ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ആഗ്രഹം പരസ്യമാക്കി എംപി വീരേന്ദ്രകുമാര്‍
ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കി ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍. കുറച്ചുകാലം മുന്നണിയില്‍ നിന്ന് മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാകാനാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് സിപിഐ സമ്മേളന വേദിയില്‍ വെച്ചാണ് വീരേന്ദ്രകുമാര്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇടത് മുന്നണയിലേക്ക് വരാനുള്ള തന്റെ ആഗ്രഹം വീരേന്ദ്രകുമാര്‍ തുറന്ന് പറഞ്ഞത്.
മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്ക്കെതിരേയും അവസാനനിമിഷം വരെ പോരാടാന്‍ തയാറാണ്. അങ്ങനെയുള്ള പോരാട്ടത്തിന് ഇടത്പക്ഷത്തിന് മാത്രമേ കഴിയൂ. ഇന്ത്യയില്‍ ഇനി ഭാവി ഇടത്പക്ഷത്തിന് മാത്രമേയുള്ളൂവെന്നും ഇതിന്റെ ഭാഗമാകാന്‍ തന്നെ കൂട്ടണമെന്നുന്നും വീരേന്ദ്രകുമാർ പറഞ്ഞു.
ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) കേന്ദ്രനേതൃത്വം എന്‍ഡിഎ മുന്നണിയിലെത്തിയതിനെ തുടര്‍ന്നാണ് വീരേന്ദ്രകുമാർ എംപി സ്ഥാനമൊഴിഞ്ഞത്. തുടർന്ന് യുഡിഎഫ് മുന്നണിയുമായുള്ള ബന്ധവും വീരേന്ദ്രകുമാർ ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിയിലെത്താനുള്ള തന്റെ ആഗ്രഹം പരസ്യമാക്കിയത്.
https://www.facebook.com/Malayalivartha