സോണിയ ഗാന്ധിയെ എതിർത്ത, പ്രണബ് മുഖര്‍ജിയ്ക്കെതിരെ മത്സരിച്ച സാംഗ്മയുടെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്ക് ധാര്‍മികമായ ബാധ്യതയുണ്ട്; മേഘാലയ സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മാത്രം വിജയിച്ച ബിജെപി സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്നതിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍.സോണിയ ഗാന്ധിയുടെ വിദേശ ജനന പ്രശ്നമുയര്‍ത്തി കോൺഗ്രസ്സ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയും പ്രണബ് മുഖര്‍ജിക്കെതിരെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്ത പി.എ സാംഗ്മയുടെ മകനായ കോണ്‍റാഡ് സാംഗ്മയെ മുഖ്യമന്ത്രിയാക്കാൻ ബിജെപിക്ക് ധാര്‍മ്മികമായ ബാധ്യതയുണ്ടെന്ന് ജയശങ്കർ പറഞ്ഞു.
60 അംഗ മേഘാലയ നിയമസഭയില്‍ 21 സീറ്റോടെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 19 സീറ്റുകള്‍ നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക്(എന്‍പിപി) ബിജെപിയും മറ്റ് പ്രാദേശികപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എന്‍പിപി നേതാവ് കോണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയാകുന്നത്. ഈ നീക്കത്തിനെതിരെയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
60അംഗ മേഘാലയ നിയമസഭയിൽ ബിജെപിക്കു കിട്ടിയത് രണ്ടു സീറ്റാണ്, കോൺഗ്രസിന് ഇരുപത്തൊന്നും.
മേഘാലയയിൽ മണിപ്പൂരും ഗോവയും ആവർത്തിക്കരുത് എന്ന വാശിയോടെയാണ് അഹമ്മദ് പട്ടേലും കമൽനാഥും ഷില്ലോംഗിലേക്കു പറന്നത്. കിം ഫലം? ഒരു സ്വതന്ത്രനെ പോലും ചാക്കിലാക്കാൻ കഴിഞ്ഞില്ല. ചെറുകക്ഷികൾ മൊത്തം ബിജെപിയുടെ ചാക്കിൽ കയറി. ഗവർണർക്കുമില്ല സംശയം.അങ്ങനെ NPP നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രി പദമേല്ക്കുകയാണ്.
കേന്ദ്രമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന പിഎ സാങ്മയുടെ മകനാണ് കോൺറാഡ്. 1999ൽ സോണിയാഗാന്ധിയുടെ വിദേശ ജനന പ്രശ്നമുയർത്തി NCP രൂപീകരിച്ച, 2012ൽ പ്രണബ് മുഖർജിയ്ക്കെതിരെ NDA സ്ഥാനാർഥിയായി രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചയാളാണ് സാങ്മ. ആ നിലയ്ക്ക്, കോൺറാഡിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപിക്കു ധാർമികമായ ബാധ്യതയുണ്ട്.
കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് സാങ്മയെ നമ്മുടെ നായനാർ സഖാവ് സ്ഥിരമായി 'തങ്കമ്മ' എന്നാണ് പരാമർശിച്ചിരുന്നത്.
കോൺറാഡ് തങ്കമ്മയ്ക്ക് വിജയാശംസകൾ നേരുന്നു. ജനാധിപത്യം പൂത്തുലയട്ടെ.
https://www.facebook.com/Malayalivartha