ബിജെപിക്ക് തിരിച്ചടി; തെലുങ്കുദേശം പാർട്ടി എന്‍ഡിഎ സഖ്യം വിടുന്നു; കേന്ദ്രമന്ത്രിമാർ ശനിയാഴ്ച്ച രാജി രാജിവച്ചേക്കും
ബിജെപിക്ക് തിരിച്ചടി നൽകി തെലുങ്കുദേശം പാർട്ടി(ടിഡിപി) എന്‍ഡിഎ സഖ്യം വിടുന്നു. ആന്ധ്രായിലെ പ്രബല പാർട്ടിയാണ് ടിഡിപി. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം പരിഗണിക്കാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. മുന്നണി വിടുന്ന കാര്യത്തിൽ ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു തീരുമാനം പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജു, വൈഎസ് ചൗധരി എന്നിവര്‍ ശനിയാഴ്ച്ച രാജിവച്ചേക്കും. ആന്ധ്രായ്ക്ക് പ്രത്യേക പാക്കേജ് നൽകുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതിനെതിരെ പാർലമെന്റിൽ കുറെ നാളുകളായി ടിഡിപി എംപിമാര്‍ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത്തവണത്തെ ബജറ്റിൽ തങ്ങളെ പൂർണ്ണമായി അവഗണിച്ചുവെന്നാണ് ടിഡിപി ആരോപിക്കുന്നത്.
കേന്ദ്ര ബജറ്റിൽ ആന്ധ്രായ്ക്ക് കിട്ടിയതിനേക്കാൾ തുക ബാഹുബലി എന്ന ചിത്രത്തിന് ലഭിച്ചുവെന്ന് ടി ഡി പി നേതാക്കൾ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ടി ഡി പിക്ക് പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. തുടർന്ന് ചന്ദ്രബാബു നായിഡു ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധവുമായി എത്തി.
തെലുങ്കുദേശം പാർട്ടി പ്രവർത്തകർക്കിടയിൽ നടത്തിയ സർവേയിൽ 95 ശതമാനം ആളുകളും എന്‍ഡിഎ മുന്നണി വിടണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി ടിഡിപി മുന്നോട്ട് പോകുന്നത്. ടിഡിപി മുന്നണി വിട്ടാൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാകും.
https://www.facebook.com/Malayalivartha