ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ തയ്യാർ; അനുനയന ശ്രമവുമായി അരുണ്‍ ജെയ്റ്റ്ലി
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം തള്ളിയതോടെ തെലുങ്കുദേശം പാർട്ടി(ടിഡിപി) എന്‍ഡിഎ സഖ്യം വിടാൻ തയ്യാറെടുക്കുന്നതിനിടെ അനുനയന നീക്കവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും എന്നാല്‍, പ്രത്യേക പദവി സംബന്ധിച്ച് ഇപ്പോള്‍ തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രായുടെ വരുമാന നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം 4,000 കോടി നല്‍കിയിട്ടുണ്ട്. ഇനി നല്‍കാനുള്ളത് 138 കോടി രൂപ മാത്രമാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. പ്രത്യേക പദവിയില്‍ ലഭ്യമാവുന്ന അതേ സാമ്പത്തിക ആനുകൂല്യങ്ങളാണ് പ്രത്യേക പാക്കേജിലും സംസ്ഥാനത്തിനായി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രായ്ക്ക് പ്രത്യേക പാക്കേജ് നൽകുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടർന്ന് പാർലമെന്റിൽ കുറെ നാളുകളായി ടിഡിപി എംപിമാര്‍ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് ചന്ദ്രബാബു നായിഡു ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധവുമായി എത്തി.
കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജു, വൈഎസ് ചൗധരി എന്നിവര്‍ ശനിയാഴ്ച്ച രാജിവച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.
https://www.facebook.com/Malayalivartha