ബിഡിജെഎസിനെ തഴഞ്ഞ് ബിജെപി; വി മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം
ബിഡിജെഎസിന് കനത്ത തിരിച്ചടി നൽകി ബിജെപി. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി മുരളീധരനെ രാജ്യസഭയിലെത്തിക്കാനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്.
നേരത്തെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുന്നണിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. എന്നാൽ അതിനു ശേഷവും ബിഡിജെഎസിന് മുന്നണിയിൽ പരിഗണന ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് തുഷാറിനെ തഴഞ്ഞ് വി മുരളീധരനെ രാജ്യസഭയിലെത്തിക്കാനുള്ള ബിജെപിയുടെ നീക്കം.
വി മുരളീധരനെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒന്നില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം.ഇതോടെ ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടുമെന്ന് ഉറപ്പായി. മാര്‍ച്ച് 23 നാണ് ഒഴിവുവന്നിരിക്കുന്ന 60 ഓളം രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
https://www.facebook.com/Malayalivartha