രാജ്യസഭാ സീറ്റ് നൽകിയില്ല; സമാജ്‌വാദി പാർട്ടി നേതാവ് ബിജെപിയിൽ; രാജ്യസഭയിലും പ്രതിപക്ഷം ദുർബലമാകും
സമാജ്‌വാദി പാർട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജയാ ബച്ചന് രാജ്യാസഭയിലേക്ക് സീറ്റ് നല്കിയ സമാജ് വാദി പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ നരേഷിന് പാര്‍ട്ടി അംഗത്വം നല്‍കി. നരേഷ് അഗര്‍വാളിന്റെ മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേരും.
ദേശീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നരേഷ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടനായി. മുലായംസിങ് യാദവിനോടും രാം ഗോപാല്‍ യാദവിനോടും ബഹുമാനമുണ്ടെങ്കിലും കോണ്‍ഗ്രസുമായും ബിഎസ്പിയുമായും സഖ്യം ചേരാനുള്ള പാര്‍ട്ടി തീരുമാനം സങ്കടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.പിയില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് തനിക്ക് നല്‍കാതെ ജയാ ബച്ചന് നല്‍കിയതാണ് നരേഷ് അഗര്‍വാളിനെ പ്രകോപിപ്പിച്ചത്. എന്റെ ടിക്കറ്റ് ബോളിവുഡ് സിനിമകളില്‍ ഡാന്‍സ് ചെയ്യുന്നയാള്‍ക്ക് കൊടുത്തു. ഇത് വേദനാജനകമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എന്റെ മകന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും. തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി , അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും നരേഷ് അഗര്‍വാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha