യു കെയിലെ കുടിയേറ്റക്കാരുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ന്യൂസിലാന്റില്‍ അവസരം
മൂന്നുവര്‍ഷം മുമ്പുണ്ടായ ഭീകര ഭൂകമ്പത്തില്‍ തകര്‍ന്നു തരിപ്പണമായ ക്രൈസ്റ്റ് ചര്‍ച്ചിനെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്കായി ന്യൂസിലാന്റ് ബ്രിട്ടനിലെ തൊഴിലാളികളെ തേടുന്നു. 4.7 ബില്യന്‍ പൗണ്ട് മുതല്‍മുടക്കിയുള്ള നിര്‍മാണപദ്ധതിക്ക് ന്യൂസിലാന്റ് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. അതിലേക്കാണ് തൊഴിലാളികളെ വേണ്ടിവരുന്നത്.
സംസ്‌കാരങ്ങളിലെ സാമ്യവും പൊതുവായ ഭാഷ കൈകാര്യം ചെയ്യുന്നതുമൊക്കെയാണ് യു കെയില്‍നിന്നുള്ള തൊഴിലാളികളോട് ന്യൂസിലാന്റിന് പ്രിയം തോന്നാന്‍ കാരണമായത്. കാലാവസ്ഥകളിലും സമാനതകളുണ്ട്. യു കെയില്‍ കഴിഞ്ഞിരുന്ന കുടിയേറ്റക്കാരെയും യു കെക്കാരായാണ് ന്യൂസിലാന്റ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ന്യൂസിലാന്റിന് കൂടുതല്‍ കുടിയേറ്റക്കാരെ ആവശ്യമുള്ള വേളയില്‍ ബ്രിട്ടനില്‍നിന്ന് ഇവിടേക്കുള്ള വരവ് കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷമായി ഓരോ വര്‍ഷവും 5000 പേര്‍ വീതമാണ് ഇവിടേക്ക് വരുന്നതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത്.
അധികം ഉയരമില്ലാത്ത കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ട് തികച്ചും പരിസ്ഥിതിസൗഹൃദങ്ങളായ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചുവരുന്നത്. നിലവിലുള്ള കണക്കുകൂട്ടലുകള്‍ അനുസരിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 വീടുകളാണ് നിര്‍മിക്കാന്‍ പോകുന്നത്. ഇതിനുപുറമെ സിറ്റി സെന്ററിന്റെ പുനര്‍വികസനവും പദ്ധതിയിട്ടുണ്ട്.സിവില്‍ എന്‍ജിനിയര്‍ , കാര്‍പെന്റര്‍, ബില്‍ഡര്‍ ,ഡെക്കറേറ്റര്‍, പ്ലാസ്റ്ററര്‍ ,സ്‌കാഫോള്‍ഡര്‍ ,ഇലക്ട്രീഷ്യന്‍ ,റോഡ് വര്‍ക്കര്‍ ,ഡിഗ്ഗര്‍ ഡ്രൈവര്‍ , പൈപ്പ് ലേയര്‍, ഫോര്‍മാന്‍ ,മാനേജര്‍ തുടങ്ങിയവരെയാണ് അടിയന്തിരമായി വേണ്ടത്.
https://www.facebook.com/Malayalivartha