ബോള്‍ഗാട്ടി നടപ്പാക്കാതിരിക്കാന്‍ രഹസ്യ അജണ്ടയുണ്ടെന്ന് യൂസഫലി, സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയുമല്ല
ബോള്‍ഗാട്ടി പദ്ധതി നടപ്പാക്കാതിരിക്കാന്‍ രഹസ്യ അജന്‍ഡ ഉണ്ടായിരുന്നെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ യൂസഫലി പറഞ്ഞു. സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയല്ല താനെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കന്മാരോടും അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള ടെന്‍ഡറില്‍ പങ്കെടുത്താണ് ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് സ്ഥലം പാട്ടത്തിനെടുത്തത്. വില്‍ക്കാന്‍ പറ്റാത്തതരത്തിലുള്ള സര്‍വീസ് ഫ്ലാറ്റുകളടക്കമുള്ള 800 കോടിയുടെ കണ്‍വെന്‍ഷന്‍ സെന്‍ററാണ് ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചത്. പക്ഷേ, ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്നു താന്‍ പിന്മാറി. ഒരു ചാനലും പത്രവും തനിക്കെതിരെ വ്യാപകമായി പ്രചാരണങ്ങള്‍ നടത്തി. രഹസ്യ അജന്‍ഡ നടപ്പാക്കിയവര്‍ക്കുമുന്നില്‍ താന്‍ തോറ്റുപോയെന്നും യൂസഫലി പറഞ്ഞു.
പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ഈ രഹസ്യ അജന്‍ഡയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ബോള്‍ഗാട്ടിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. 2011ലാണ് ബോള്‍ഗാട്ടി പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാറുണ്ടാക്കിയത്. രണ്ടു വര്‍ഷമില്ലാതിരുന്ന ഈ ആരോപണം ഇപ്പോള്‍ എങ്ങനെ ഉണ്ടായെന്നും യൂസഫലി ചോദിച്ചു.
ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കാമെന്നും യൂസഫലി വ്യക്തമാക്കി. ടെന്‍ഡര്‍ തുകയായ 72 കോടി രൂപയും മൂന്നു വര്‍ഷത്തെ വാടകയിനത്തിലുള്ള പത്ത് കോടിയും അടക്കം 82 കോടി രൂപ തിരിച്ചുതന്നാല്‍ ഭൂമി പോര്‍ട്ട് ട്രസ്റ്റിന് തിരിച്ചുനല്‍കുമെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ യൂസഫലി പറഞ്ഞു.
https://www.facebook.com/Malayalivartha