യുകെ മലയാളികള്‍ക്ക് അഭിമാനനേട്ടമായി മലയാളി യുവാവിന് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് പ്രവേശനം
യുകെയിലെ മലയാളികളുടെ യശസ് ഉയര്‍ത്തി മലയാളി യുവാവിന് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് പ്രവേശനം. ഖത്തറിലെ പ്രമുഖ മലയാളി ഷിപ്പിങ് വ്യവസായി ജോര്‍ജ് മാത്യുവിന്റെ മകന്‍ ഡോ. അനുജ് ജോഷ്വ മാത്യുവിനാണ് ഈ അപൂര്‍വ നേട്ടം. 2012ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച അനുജിന് യുകെയിലെ നിയമ മന്ത്രാലയത്തില്‍ നിയമനം ലഭിച്ചു.
പ്ലസ് ടുവരെ ദോഹയിലെ എംഇഎസ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഡോ. അനുജ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രിട്ടീഷ് സിവില്‍ സര്‍വീസിന് തയാറെടുത്തത്. 2004ല്‍ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും 2009ല്‍ നോട്ടിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. അനൂജിന്റെ ബിരുദ പഠനം കേരളത്തിലായിരുന്നു.
1998-2001 കാലത്ത് കേരള സര്‍വകലാശലയില്‍ നിന്നാണ് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയത്. ഇതേ സമയത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കി. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദോഹ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ മുന്‍ അധ്യാപിക സാറാമ്മ മാത്യുവാണ് മാതാവ്.നിയമ മന്ത്രാലയത്തില്‍ ഡോ. അനുജ് നിയമിതനായത് യുകെ മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കഠിനാധ്വാനവും കഴിവും ഭാഗ്യവും ഉണ്ടെങ്കില്‍ മാത്രമേ ബ്രിട്ടനിലെ സിവില്‍ സര്‍വീസില്‍ വിജയം കൈവരിക്കാനാവൂ. അതാണ് ഡോ. അനുജ് നേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha