ഓസ്‌കാര്‍ നിലവാരത്തില്‍ അഞ്ചു രാഷ്‌ട്ര തലവന്മാര്‍ക്ക് തങ്ങാന്‍ കഴിയുന്ന സ്വപ്‌ന പദ്ധതിയായ ബോള്‍ഗാട്ടി ഉപേക്ഷിക്കില്ല
ബോള്‍ഗാട്ടി പദ്ധതി തന്റെ സ്വപ്‌ന പദ്ധതിയായിരുന്നുവെന്നും പദ്ധതിയില്‍ നിന്നും പിന്മാറില്ലെന്നും വ്യവസായി എം.എ യൂസഫലി. തിരുവനന്തപുരം പ്രസ് ക്ലബ് നടത്തുന്ന കേരള വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങു പോലും സംഘടിപ്പിക്കാന്‍ തക്ക നിലവാരത്തിലാണ് ബോള്‍ഗാട്ടി പദ്ധതി വിഭാവനം ചെയ്യുന്നത്. അഞ്ച് രാഷ്‌ട്ര തലവന്‍മാര്‍ക്ക് അവിടെ തങ്ങാന്‍ കഴിയും. സാര്‍ക്ക് ഉച്ചകോടി പോലും ബോള്‍ഗാട്ടിയില്‍ നടത്താനാകും. മൂന്നുമാസത്തിനകം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അപ്പാര്‍ട്ട് മെന്റ് ഉണ്ടാക്കി വില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റുകാരനല്ല താനെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം സംസ്ഥാനത്തിനുവേണ്ടി ചെയ്യുന്നുണ്ട്. കാശുണ്ടാക്കാന്‍ വേണ്ടി തുടങ്ങിയ പദ്ധതിയായിരുന്നില്ല ബോള്‍ഗാട്ടി പദ്ധതി.
27 ഏക്കര്‍ സ്ഥലം 30 കൊല്ലത്തെ ലീസിനാണ് എടുക്കാന്‍ ധാരണയായിരുന്നത്. അവിടെ കണ്‍വന്‍ഷന്‍ സെന്ററുണ്ടാക്കാനാണ് ആഗ്രഹിച്ചിരുന്നത്. ഒപ്പം ഒരു ഹോട്ടലും സര്‍വീസ് അപ്പാര്‍ട്ടുമെന്റുമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. കേരളത്തിലെ ബില്‍ഡിംഗ് കോഡില്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് എന്നൊന്നില്ല. അതാണ് തെറ്റിദ്ധാരണയുണ്ടാക്കാനിടയാക്കിയത്.
മൂന്നുകോടിയോളം രൂപ പോര്‍ട്ട് ട്രസ്റ്റിന് പ്രതിവര്‍ഷം വാടക നല്‍കുന്നുണ്ട്. പോര്‍ട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാര്‍ വളരെ സുതാര്യമാണ്. ഇന്ത്യയിലെയും വിദേശങ്ങളിലെയും അഭിഭാഷകരാണ് അത് തയ്യാറാക്കിയത്. സംശയങ്ങള്‍ ദൂരീകരിച്ചുകൊടുക്കാന്‍ താനും പോര്‍ട്ട് ട്രസ്റ്റും ബാധ്യസ്ഥരാണ്. താന്‍ വെറുമൊരു ബിസിനസുകാരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha