രക്താര്‍ബുദം ബാധിച്ച പെണ്‍കുട്ടിക്ക് ആശ്വാസമായി മലയാളിയുടെ ഒരു ലക്ഷം ദിര്‍ഹം
21 വയസ്സുള്ള ഫിലിപ്പീന്‍ പെണ്‍കുട്ടിക്ക് രക്താര്‍ബുദ ചികിത്സയ്ക്കുവേണ്ടി മലയാളി ഡോക്ടര്‍ ഒരു ലക്ഷം ദിര്‍ഹം നല്‍കി. അബുദാബി മുസഫയിലെ എല്‍.എല്‍.എച്ച്. ആസ്പത്രിയില്‍ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന റൊസാലി മസിനാസിന്റെ 21 വയസ്സുള്ള മകള്‍ സാറാ മസിനാസ് രക്താര്‍ബുദം പിടിപ്പെട്ട് രണ്ടരവര്‍ഷമായി ചികിത്സയിലായിരുന്നു.
ഈ പെണ്‍കുട്ടിക്ക് മജ്ജ ദാനം ചെയ്യാന്‍ സ്വീഡനില്‍ നിന്നൊരാള്‍ സന്നദ്ധനായി. പക്ഷേ, സ്വീഡനില്‍ പോയി ഈ ചികിത്സ ചെയ്യാന്‍ ഫിലിപ്പീന്‍ കുടുംബത്തിന് സാമ്പത്തികമായ കഴിവുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ രോഗം വഷളായിവരുന്ന പശ്ചാത്തലത്തില്‍ അബുദാബിയിലെ ബുര്‍ജീല്‍ എല്‍.എല്‍.എച്ച്. ആസ്പത്രി മാനേജിങ് ഡയറക്ടറും മലയാളിയുമായ ഡോ. ഷംസീര്‍ വയലില്‍ സഹായം വാഗ്ദാനം ചെയ്തു.
തുടര്‍ന്ന് മുസഫയിലെ എല്‍.എല്‍.എച്ച്. ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ ഡോ. ഷംസീറിനുവേണ്ടി എല്‍.എല്‍.എച്ച്. ആസ്പത്രി ജനറല്‍ മാനേജര്‍ എസ്.കെ. അബ്ദുള്ള രോഗ ബാധിതയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കൈമാറി.
ആസ്പത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സച്ച ദേവ, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha