പാകിസ്ഥാനിയുടെ കടയിലെ ദുരനുഭവത്തിനും കേസിനും ശേഷം അലഞ്ഞുതിരിഞ്ഞ അമറുല്‍ അന്‍സാരി നാട്ടിലേക്ക്
2012 മെയ് മാസത്തിലാണ് അല്‍-ഐനില്‍ ടെയ്‌ലറിങ് ഷോപ്പ് നടത്തിയിരുന്ന അലി നവാസ് ബലൂചി എന്ന പാകിസ്താനിയുടെ തയ്യല്‍ക്കടയിലേക്ക് ഡല്‍ഹി സ്വദേശി അമറുല്‍ അന്‍സാരി എത്തുന്നത്. ഡല്‍ഹിയില്‍ വിസയ്ക്കുവേണ്ടി കൊടുത്തത് 65,000 രൂപ. ടെയ്‌ലറിങ് ഷോപ്പില്‍ ജോലിക്ക് കമ്മീഷനാണ് കൂലി. 2012 മെയ് മുതല്‍ ജോലി തുടങ്ങി. ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളില്‍ ആകെ കിട്ടിയ ശമ്പളം 1229 ദിര്‍ഹം മാത്രം.
ന്യായമായ കമ്മീഷനോ ശമ്പളമോ കിട്ടാത്തതിന്റെ പേരില്‍ അമറുല്‍ അന്‍സാരി ലേബര്‍ ഓഫീസില്‍ പരാതിനല്കി. ഇത് കടയുടമയെ പ്രകോപിപ്പിച്ചു. അമറുല്‍ അന്‍സാരി 7950 ദിര്‍ഹം കൈപ്പറ്റിയതായി തെളിവുണ്ടാക്കി ഉടമ കേസ് കൊടുത്തു. ടെയ്‌ലറിങ് ഷോപ്പില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അമറുല്‍ അന്‍സാരി പണിയെടുക്കാന്‍ മടിയനും വഞ്ചകനും ആണെന്ന് പാകിസ്താനി ആരോപിച്ചു.
മൂന്നുമാസത്തോളം അന്‍സാരിയുടെ ജീവിതം അബുദാബി ബസ്സ്റ്റാന്‍ഡിലായിരുന്നു. ഇടയ്ക്ക് അന്‍സാരി പോലീസ് പിടിയിലായി. പൊതുമാപ്പിന്റെ ഔദാര്യത്തിലൂടെ നാട്ടില്‍ പോകാന്‍വേണ്ടി ഇന്ത്യന്‍ എംബസിയിലേക്ക് വിട്ടു. അബുദാബി ഇന്ത്യന്‍ എംബസി ഔട്ട്പാസ്സും വിമാനടിക്കറ്റും നല്കിയെങ്കിലും കേസ് തീരാത്തതിനാല്‍ എമിഗ്രേഷന്‍ വിഭാഗം ഇന്ത്യയിലേക്ക് വിട്ടില്ല.അന്‍സാരി, അബുദാബി കേരള സോഷ്യല്‍ സെന്ററിലെത്തി. അന്‍സാരിക്ക് കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ ഭക്ഷണവും താമസവും നല്കി. അന്‍സാരിയുടെ ജീവിതം മാസങ്ങളായി സോഷ്യല്‍ സെന്ററിന്റെ വരാന്തയിലായി. തുടര്‍ന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ പാകിസ്താനിയുമായി സംഭാഷണം നടത്തി. ഒടുവില്‍ ന്യായമായ നഷ്ടപരിഹാരം നല്കിയാല്‍ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാമെന്നും കേസ് പിന്‍വലിക്കാമെന്നും പാകിസ്താനി സമ്മതിച്ചു. കെ.എസ്.സി. പ്രവര്‍ത്തകരും ഉദാരമതികളും അന്‍സാരിയെ സഹായിക്കാനെത്തി.
പാകിസ്താനിക്ക് നഷ്ടപരിഹാരംനല്കി കേസ് രാജിയാക്കുകയായിരുന്നു. അമറുല്‍ അന്‍സാരി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലാണ് അന്‍സാരി ഡല്‍ഹിയിലേക്ക് പോയത്. രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് അന്‍സാരിക്ക്.
https://www.facebook.com/Malayalivartha