പ്രവാസിയായ ഭർത്താവ് ദുബായിലെ കാമുകിയെ വിവാഹം കഴിക്കാൻ നാട്ടിലെത്തി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു:- യുഎഇയിലെ പ്രമുഖ അഭിഭാഷക വഴി ഇന്ത്യൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകാനൊരുങ്ങി വീട്ടമ്മ...
യുഎഇ പ്രവാസിയായ വിമുക്ത ഭടനെതിരെ പീഡന പരാതിയുമായി നാട്ടിലുള്ള ഭാര്യ. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനീയാണ് മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് മുഖേന ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകാനൊരുങ്ങുന്നത്. ദുബായിലുള്ള മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ ദാമ്പത്യ ബന്ധത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി.
25 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളുമുണ്ട്. സൈന്യത്തിൽനിന്നു വിരമിച്ച ശേഷം 2013 ൽ ഭർത്താവ് യുഎഇയിലെത്തി. ആദ്യം സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് കൺസൽറ്റിങ് കമ്പനി ആരംഭിച്ചു. അതിനിടെ ദുബായിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്ന് വീട്ടമ്മ പറയുന്നു.
യുവതിയുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് അവരെ വിവാഹം കഴിക്കാൻ വീട്ടമ്മയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഭർത്താവിനെ അവിശ്വസിക്കുന്നെന്നും അയാളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബാന്തരീക്ഷം മോശമാക്കിയെന്നും സത്യവാങ്മൂലത്തിൽ എഴുതണമെന്നു നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ നാട്ടിലെത്തി ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറഞ്ഞു.
മുഖത്തും കഴുത്തിലും കൈകാലുകൾക്കും പരുക്കേറ്റ് ആശുപത്രിയിലായി. മക്കളുടെ ഭാവിയെക്കരുതി ഇക്കാര്യങ്ങൾ ആരോടും പറഞ്ഞില്ല. വിദേശത്തേക്കു മടങ്ങിയ ഭർത്താവ് കഴിഞ്ഞ ഓഗസ്റ്റിൽ തിരിച്ചെത്തി വീട്ടമ്മയെ മർദിച്ചു. വയറ്റിൽ തൊഴിയേറ്റ് സാരമായ പരുക്കുകളോടെ ആശുപത്രിയിലായ വീട്ടമ്മയുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
എന്നാൽ വാറന്റ് കൈപ്പറ്റാതെ ബാങ്ക് രേഖകളും റേഷൻ കാർഡും അടക്കം വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമായി ഭർത്താവ് ദുബായിലേക്കു കടന്നെന്നും ഇപ്പോൾ ഭർത്താവിന്റെ സഹോദരന്‍ ബന്ധുക്കളുടെ വീടുകളിലെത്തി തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും പരാതിക്കാരി പറയുന്നു.
വർഷങ്ങളായി ഭർത്താവ് ചെലവിന് നൽകുന്നില്ല. ഇപ്പോൾ 600 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. നിത്യജീവിതം വളരെ കഷ്ടപ്പാടിലാണ്.
ഭർത്താവിനെ ദുബായിൽ നിന്ന് പിടികൂടി നാട്ടിലേക്കു മടക്കിയയയ്ക്കണമെന്നും നാട്ടിലെത്തുമ്പോൾ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും ആക്രമണത്തിലുണ്ടായ പരുക്കുകൾക്കു ചികിത്സച്ചെലവു നൽകണമെന്നും വീട്ടമ്മ ആവശ്യപ്പെടുന്നു. ഇവരുടെ ഭർത്താവ് ഷാർജ കോർണിഷിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
https://www.facebook.com/Malayalivartha