പുറപ്പെടാൻ മിനിട്ടുകൾ മാത്രം...!! റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലെ വാതിലിൽ തകരാർ കണ്ടെത്തിയതോടെ യാത്ര റദ്ദാക്കി, 120ഓളം യാത്രക്കാരെ വിമാനത്തിൽ നിന്നും തിരിച്ചിറക്കി ഹോട്ടലിലേക്ക് മാറ്റി...!!
വിമാനാപകടം വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും അപകടം സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ തന്നെ അപകട സാധ്യത പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടാൽ പുറപ്പെടുന്നതിന് മുമ്പ് തന്നെ യാത്രരക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടനടി യാത്ര റദ്ദാക്കിയേക്കാം. ഇപ്പോൾ അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. വിമാനത്തിന്റെ വാതിലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് റദ്ദാക്കിയിരിക്കുകയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് വാതിലിൽ തകരാർ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാിരുന്നു ഇത്. യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. തുടർന്ന് വിമാനത്തിൽ കയറ്റിയ 120ഓളം യാത്രക്കാരെ തിരികെ പുറത്തിറക്കി. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി.
യാത്ര റദ്ദാക്കിയതോടെ 120ഓളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയതായുള്ള വിവരമാണ് പുറത്തുവരുന്നത്. അതേസമയം യാത്രക്കാരെല്ലാം കാത്തിരിക്കുകയാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു വിമാനത്തിൽ അടുത്ത ദിവസം യാത്രക്കാരെ റിയാദിൽ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം രണ്ടാഴ്ച്ചയാക്ക് മുൻപാണ് സാങ്കേതിക തകരാറുകാരണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഒമാൻ എയർലൈൻസ് വിമാനം രണ്ടരമണിക്കൂർ പറന്നശേഷം അടിയന്തരമായി തിരിച്ചിറക്കിയത് . കരിപ്പൂരിൽനിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഡബ്ല്യുയുവൈ 298 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തിയായിരുന്നു അടിയന്തര ലാന്‍ഡിങ്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്.
വിമാനത്തിന്റെ കാലാവസ്ഥാ റഡാറിൽവന്ന സാങ്കേതിക തകരാറാണ് തിരിച്ചിറക്കാൻ ഇടയാക്കിയത്. കരിപ്പൂരിൽനിന്ന് പറന്ന് മിനിറ്റുകൾക്കകം കാലാവസ്ഥാ റഡാർ തകരാറിലായി. ഇത് ശ്രദ്ധിച്ച പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് തിരിച്ചിറക്കാൻ അനുമതി ആവശ്യപ്പെട്ടു. എന്നാൽ ഇന്ധനഭാരം പെട്ടെന്ന് തിരിച്ചിറക്കുന്നതിന് തടസ്സമായി. ആറ് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് ടണ്ണോളം ഒഴിവാക്കി ഭാരം കുറച്ച് നിലത്തിറങ്ങാൻ എടിസി ടവർ ആവശ്യപ്പെട്ടു.
തുടർന്ന് രണ്ടരമണിക്കൂറോളം ചുറ്റിത്തിരിഞ്ഞ വിമാനം ഇന്ധനശേഖരം കടലിലൊഴുക്കി. ഇന്ധനഭാരം കുറച്ചശേഷം വിമാനം 11.45ന് കരിപ്പൂരിൽ സുരക്ഷിതമായി തിരിച്ചിറക്കി. ഇതിനായി ഫയർഫോഴ്സും മറ്റ് സംവിധാനങ്ങളും കരിപ്പൂരിൽ സജ്ജമാക്കി നിർത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. 169 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരായിരുന്നു. ഒമാൻ എയർവേയ്സിന്റെ സാങ്കേതിക വിദഗ്ദരെത്തി തകരാർ പരിഹരിച്ച ശേഷം വിമാനം രാത്രി വൈകി മസ്കത്തിലേക്ക് പറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha