യുഎഇ- കേരള കപ്പല്‍ സര്‍വീസ്, അനുമതിക്കായി ഷാര്‍ജ ഇന്ത്യന്‍ അസോ. ടീം കേന്ദ്ര മന്ത്രിയെ കണ്ടു, യാത്രാ കപ്പല്‍ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മെമ്മോറാണ്ഡം സമര്‍പ്പിച്ചു
പ്രവാസി മലയാളികളുടെ ഏറെ നാളത്തെ സ്വപ്നമാണ് ഗള്‍ഫില്‍ നിന്നുള്ള യാത്രാക്കപ്പല്‍ സർവീസ്. നേരത്തേ 2011ലും പരീക്ഷാണാടിസ്ഥാനത്തില്‍ കപ്പല്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും വിജയമാകാത്തതിനാല്‍ നിറുത്തുകയായിരുന്നു. എന്നാൽ വീണ്ടും ആ സ്വപ്നത്തിന് ചിറക് മുളച്ചിരിക്കുകയാണ്. പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കുന്ന ദുബൈ-കൊച്ചി പാസഞ്ചര്‍ കപ്പല്‍ സര്‍വീസ് നവംബറില്‍ തുടങ്ങാനാണ് ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ തന്നെ പ്രവാസികൾക്ക് കേരളത്തിലേക്ക് കപ്പൽ കയറാം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ യുഎഇയിലേക്ക് മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പാസഞ്ചര്‍ ക്രൂയിസ് ചാര്‍ട്ട് ചെയ്യാന്‍ ആലോചനയുണ്ട്. ദുബൈ-കൊച്ചി കപ്പല്‍ സര്‍വീസിന് യു.എ.ഇയിലെ പ്രവാസികള്‍, പ്രവാസി സംഘടനകള്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്. സര്‍വീസിലെ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കപ്പല്‍ സര്‍വീസ് യുഎഇക്കും കേരളത്തിനുമിടയ്ക്ക് നടത്തുന്നതിനായി ഇന്ത്യന്‍ തുറമുഖ, ഷിപ്പിംഗ്, ജലപാതാ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളുമായി ആലപ്പുഴ എംപി അഡ്വ. എ.എം ആരിഫിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ജന.സെക്രട്ടറി ടി.വി നസീര്‍, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ അഭ്യര്‍ത്ഥനയോട് മന്ത്രി വളരെ ക്രിയാത്മകമായി പ്രതികരിക്കുകയും, കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മെമ്മോറാണ്ഡം സമര്‍പ്പിക്കുകയും ചെയ്തു.18 എംപിമാര്‍ തങ്ങളുടെ അഭ്യര്‍ത്ഥനയെ പിന്തുണച്ച് മെമ്മോറാണ്ഡത്തില്‍ ഒപ്പുവച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ അവരുടെ ജന്മനാട്ടിലേക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ഒരു ബദല്‍ യാത്രാ ഉപാധിയായി ഇത് പ്രോത്സാഹിപ്പിക്കുന്നതിന് യാത്രാ കപ്പല്‍ സേവനത്തെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, കൂടാതെ, വിമാനക്കൂലി താങ്ങാനാവാതെ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പോലും അവധിക്ക് പോകാന്‍ കഴിയാത്ത സാധാരണക്കാരായ ജീവനക്കാര്‍ക്ക് ഇത് വലിയ അനുഗ്രഹമായിരിക്കുമെന്നും ഐഎഎസ് ഭാരവാഹികള്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സിന്റെ (നോര്‍ക്ക) പിന്തുണയോടെ കേരള മാരിടൈം ബോര്‍ഡ്, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍, എന്നിവയുടെ സഹകരണത്തോടെ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ 2023 നവംബറോടെ സര്‍വീസ് ട്രയല്‍ റണ്‍ ആരംഭിക്കാനാകും. പരീക്ഷണാടിസ്ഥാനത്തിലെ സര്‍വീസാകും ആദ്യം. വിജയിച്ചാല്‍ തുടര്‍ സര്‍വീസുകളുണ്ടാകും..
കൊച്ചിക്ക് പുറമേ ബേപ്പൂര്‍, വിഴിഞ്ഞം എന്നിവിടങ്ങളിലേക്കും സര്‍വീസ് പ്രതീക്ഷിക്കാം. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. . മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്–കേരള സർവീസിന് കണ്ടുവച്ചിട്ടുള്ളത്. പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, എന്നിവ ആസ്വദിച്ച് മൂന്നു ദിവസം കൊണ്ട് പ്രവാസികൾക്ക് നാട്ടിലെത്താം.
https://www.facebook.com/Malayalivartha