സാങ്കേതിക തകരാർ...!! ദുബായിലേയ്ക്ക് പുറപ്പെടാൻ വൈകിയ വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങി യാത്രക്കാർ, പുറത്തിറക്കാനോ... യാത്രക്കാർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകാനോ അധികൃതർ തയാറായില്ലെന്ന് പരാതി....
യാത്രക്കാർക്ക് തലവേദനയായിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതിന്റെ പേരിൽ നിരന്തരം പഴി കേൾക്കേണ്ടി വരുന്ന വിമാനക്കമ്പനിയുടെ നടപടിയിൽ ഒരു മാറ്റവുമില്ല. എത്ര പ്രതിഷേധിച്ചാലും ഞങ്ങൾ ഇങ്ങനയേ സർവീസ് നടത്തൂ എന്നുള്ള തരത്തിലാണ് യാത്രക്കാരോടുള്ള കമ്പനിയുടെ സമീപനം. എന്നാൽ ഇത്തവണ അത് ഇത്തിരി കടന്നു പോയിരിക്കുകയാണ്.
ദുബായിലേയ്ക്ക് പുറപ്പെടാൻ വൈകിയതിനെ തുടർന്ന് വിമാനത്തിനുള്ളിൽ മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങിയത്. മംഗളൂരുവിൽ നിന്ന് വ്യാഴം രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 814 വിമാനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന് ആണ് മൂന്ന് മണിക്കൂറുകളോളം യാത്രക്കാരെ ദുരിതത്തിലാക്കി പുറപ്പെട്ടത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും പൂർത്തിയാക്കി വിമാനത്തിനകത്ത് കയറ്റിയ ശേഷമാണ് സംഭവം.
ഇതിന് ശേഷമാണ് സാങ്കേതിക തകരാർ മൂലം വിമാനം വൈകുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചത്. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. വിശന്നുവലഞ്ഞ കുട്ടികൾ മണിക്കൂറോളം നിർത്താതെ കരഞ്ഞ ശേഷം പലരും ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കി വിടാനോ അവർക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നൽകാനോ പോലും അധികൃതർ തയാറായില്ലെന്നും പരാതി ഉയർന്നു.
യാത്രക്കാരുടെ ദുരിതാവസ്ഥ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും ഉയർന്നു. ഇതിലും എത്രയോ പരാതികൾ ഉയർന്നിട്ടുപോലും വിമാനക്കമ്പനിയുടെ യാത്രക്കാരോടുള്ള ഈ ഒരു സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസമാണ് കരിപ്പൂർ ദുബായ് വിമാനം കണ്ണൂരിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. രാവിലെ 9.5ദന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്. സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നായിരുന്നു ലാൻഡിംഗ്. കോഴിക്കോട് നിന്നും പുറപ്പെട്ടയുടനെയാണ് വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായത്. 9.50ന് പറന്നുയർന്ന് 15 മിനിട്ടുകൾക്കകമാണ് പ്രശ്നം കണ്ടത്.
കാർഗോ ഹോളിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ചില റൺവേകളിൽ പണി നടക്കുന്നതിനാൽ കണ്ണൂരാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. 11 മണിയോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയെന്നും പ്രശ്‌നങ്ങളില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ജീവനക്കാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha