ലഗേജിൽ കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല...!! ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ മറുപടി, ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനെ പോലീസിന് കൈമാറി...
ചിലയാത്രക്കാർ ഉണ്ടാക്കുന്ന ഒരൊ പൊല്ലാപ്പ് വിമാന ജീവനക്കാർക്ക് മാത്രമല്ല. എയർപ്പോർട്ട് ജീവനക്കാർക്കും ഒരുപോലെ തലവേദനയായി മാറുകയാണ്. യാത്രക്കായി എത്തുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായാൻ പിന്നെ പറയേണ്ട. ഇപ്പോൾ ലഗേജ് പരിശോധന്ക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ വിളിച്ച് കൂവിയത് കുറച്ചൊന്നുമല്ല മറ്റ് യാത്രക്കാരേയും വിമാനത്താവള ജീവനക്കാരെയും പരിഭ്രാന്തിയിലാക്കിയത്.
ശനിയാഴ്ച പുലർച്ചെ നാലോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരമാണ് ലഗേജിൽ ബോംബ് ഉണ്ടെന്ന് വിളിച്ച് കൂകിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു.
പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. ഇതോടെ ഇയാളുടെ യാത്രയും മുടങ്ങി. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വലിയതുറ പോലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാത്തത്തിനെ തുടർന്ന് അബദ്ധത്തിൽ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ മൊഴി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തില്ലെന്ന് വലിയതുറ എസ്.എച്ച്.ഒ. പറഞ്ഞു.
അതേസമയം നേരത്തെ നാട്ടിലേക്കുള്ള യാത്രക്കായി കുവൈറ്റ് എയർപോർട്ടിൽ എത്തിയ പ്രവാസിയെ തന്റെ ലഗേജിൽ ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് നാടുകടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം കുവൈറ്റ് എയർപോർട്ടിലാണ് ഈ സംഭവം നടന്നത്. സാധാരണ ഗതിയിലുള്ള പരിശോധനക്കിടെ ലഗേജിൽ എന്തൊക്കെയുണ്ടെന്നു ഉദ്ദ്യോഗസ്ഥർ യാത്രക്കാരനായ പ്രവാസിയോട് തിരക്കുകയായിരുന്നു.
എന്നാൽ ലഗേജിൽ ബോംബാണെന്ന തമാശ കലർന്ന മറുപടിയാണ് ഇയാൾ നൽകിയത്. പിന്നീട് ഇയാൾ താൻ തമാശ പറഞ്ഞതാണെന്ന് തിരുത്തിയെങ്കിലും, കളി കാര്യമായി മാറുകയായിരുന്നു. ഉദ്ദ്യോഗസ്ഥർ ഇയാളുടെ ലഗേജ് തിരിച്ചുവാങ്ങിക്കുകയും യാത്ര ചെയ്യാൻ അനുവദിക്കാതെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എയർപോർട്ട് പോലുള്ള അതിസുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഇടത്ത് ഇത്തരം തമാശകൾ അതി ഗുരുതമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവങ്ങൾ .
https://www.facebook.com/Malayalivartha