എയർഇന്ത്യയ്ക്ക് കരുത്തേകി പുതിയ ബോയിംഗ് വിമാനങ്ങൾ എത്തി, കരാർ പ്രകാരമുള്ള ആദ്യത്തെ രണ്ട് പുതിയ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങൾ അധികൃതർക്ക് കൈമാറി
അടിമുടി മാറ്റത്തിനൊരുങ്ങിയ എയർഇന്ത്യയ്ക്ക് കരുത്തേകി പുതിയ ബോയിംഗ് വിമാനങ്ങൾ എത്തി. ഈ വർഷമാദ്യം 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ എയർഇന്ത്യ എക്സ്പ്രസ്സ് ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരമുള്ള ആദ്യത്തെ രണ്ട് വിമാനങ്ങൾ അമേരിക്കയിലെ വാഷിംഗ്ടണിലെ ബോയിംഗ് ആസ്ഥാനത്ത് വച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർക്ക് കൈമാറി. രണ്ട് പുതിയ ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളാണ് എയർഇന്ത്യയ്ക്ക് കൈമാറിയത്.
ഒരുപാട് പ്രത്യേകതകൾ ഉള്ള വിമാനങ്ങളാണിവ....
മികച്ച ഇന്ധനക്ഷമതയും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരിക്കുന്ന ബോയിംഗ് 737-8 എയർക്രാഫ്റ്റുകള്‍ മികച്ച പ്രകടനത്തിനും യാത്രസുഖത്തിനും പേരുകേട്ടതാണ്. പുതിയ എയർ ക്രാഫ്റ്റുകൾ എയർ ഇന്ത്യ അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തിയേക്കും എന്ന് സൂചന. എയര്‍ ഇന്ത്യ എക്സ്പ്രസിന് അതിന്‍റെ ഡൊമസ്റ്റിക്, ഇന്‍റർനാഷണല്‍ നെറ്റ് വർക്ക് വിപുലീകരിക്കാന്‍ പുതിയ വിമാനങ്ങളുടെ വരവ് സഹായകമാകും .
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കൂടുതല്‍ സുസ്ഥിരമായ പ്രവർത്തനത്തിനുള്ള നിർണായകമായ ചുവടുവയ്പാണ് പുതിയ 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍. നൂതന സാങ്കേതികവിദ്യയും കാര്യക്ഷമതയുള്ള എഞ്ചിനുകളും ഉപയോഗിച്ച് ഇന്ധന ഉപയോഗത്തിലും എമിഷനിലും 20 ശതമാനം കുറവ് കൈവരിക്കാന്‍ കഴിയും. കൂടാതെ പഴയ മോഡലുകളെ അപേക്ഷിച്ച് ശബ്ദമലിനീകരണത്തില്‍ 50 ശതമാനം കുറവും ഉണ്ട്. എയർഫ്രെയിം പരിപാലന ചെലവില്‍ 14 ശതമാനത്തോളം കുറവും എയർക്രാഫ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതുപോലെ എയർബസിൽ നിന്നുള്ള ആദ്യത്തെ വൈഡ്ബോഡി വിമാനം എ 350 ഈ വർഷം ഡിസംബറോടെ സർവീസിൽ പ്രവേശിക്കുമെന്ന് എയർഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കാംബെൽ വിൽസൺ ജീവനക്കാർക്കുള്ള തന്റെ പ്രതിവാര സന്ദേശത്തിൽ വ്യക്തമാക്കി. 470 വിമാനങ്ങളുടെ ഓർഡറാണ് എയർഇന്ത്യ ബോയിംഗിന് നൽകിയത്. ഇതിൽ 40 എ350, 20 ബോയിംഗ് 787 ഡ്രീംലൈനറുകൾ, 10 ബോയിംഗ് 777എക്‌സ്, 140 എ320 നിയോസ്, 70 എ321 നിയോസ്, 190 ബോയിംഗ് 737മാക്‌സ് എന്നിവ ഉൾപ്പെടുന്നു .40 എ 350 കളിൽ ആറെണ്ണം എ 350-900 വിമാനങ്ങളാണ്, അവയിൽ അഞ്ചെണ്ണം 2024 മാർച്ചോടെ ഡെലിവറി ചെയ്യാൻ ധാരണയായിട്ടുണ്ട്.
അതേസമയം എയര്‍ ഏഷ്യ ഇന്ത്യയുമായുള്ള ലയനത്തിനു ശേഷമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മാറ്റം കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് എയർലൈനുകളും അവയുടെ സംയുക്തശൃംഖലയിലുള്ള നൂറിലധികം റൂട്ടുകളിലെ യാത്രക്കാർക്കായുള്ള ഇന്‍റർലൈൻ അറേഞ്ച്മെന്‍റുകൾ ആരംഭിച്ചു. രണ്ട് എയർലൈനുകള്‍ക്കുമായുള്ള 56 വിമാനങ്ങളിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായുള്ള 44 ലക്ഷ്യസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. 250 ലധികം റൂട്ടുകളിലാണ് സർവീസ്. അന്തിമ ലയനത്തിനു മുമ്പു തന്നെ ഇരു എയർലൈനുകളും അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും സംയോജിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha