ന്യൂജേഴ്‌സിയില്‍ ഇന്ത്യാക്കാരായ ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി
അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), സോണാല്‍ പരിഹാര്‍ (42), ആറു വയസുകാരിയായ മകള്‍, പത്ത് വയസ്സുള്ള മകന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പ്ലെയിന്‍സ്‌ബോറോയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം 4.30 ന് ശേഷമാണ് മരണവിവരം പുറത്തുവന്നത്. സംഭവം കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
തേജ് പ്രതാപ് സിംഗും പരിഹറും സ്ന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്നും സമൂഹത്തില്‍ സജീവമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇവരുടെ കുടുംബത്തില്‍ പുറമെ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് അയല്‍വാസികളും പറയുന്നത്. എല്ലാവരുമായും സൗഹാര്‍ദ്ദത്തിലായിരുന്നു കുടുംബം. മിക്കപ്പോഴും മക്കള്‍ക്കൊപ്പം ഇവര്‍ നടക്കാനിറങ്ങുന്നത് കാണാറുണ്ടായിരുന്നു. സംഭവം ഞെട്ടിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2018 ഓഗസ്റ്റില്‍ 635,000 ഡോളറിനാണ് തേജ് പ്രതാപ് സിംഗും പരിഹറും ചേര്‍ന്ന് ഈ വീട് വാങ്ങിയത്. ഇരുവരും ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. നെസ് ഡിജിറ്റല്‍ എഞ്ചിനീയറിംഗിന്റെ ലീഡ് APIX എഞ്ചിനിയറായിരുന്നു സിങ്.
സംഭവ ദിവസം ഇവരെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ ഒരു ബന്ധുവാണ് പൊലീസില്‍ വിവരം അറിയിച്ചത്. 911ല്‍ വിളിച്ച് ബന്ധു ആശങ്കയറിയിച്ചതോടെ പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. പിന്നാലെയാണ് വീട്ടില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായതായും പ്ലെയിന്‍സ്‌ബോറോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഒരു ഭീഷണിയുമില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പ്രദേശത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സിസിടിവി ദൃശ്യങ്ങളോ ഉള്ളവര്‍ പ്ലെയിന്‍സ്‌ബോറോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha