തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ 23ന് അഞ്ച് മണിക്കൂര്‍ അടച്ചിടും, ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുടെ പുതുക്കിയ സമയക്രമം യാത്രക്കാർക്ക് എയർ ലൈനുകളിൽ നിന്ന് ലഭ്യമാകും...!!!
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ അഞ്ച് മണിക്കൂര്‍ അടച്ചിടും. ഈ മാസം 23ന് വൈകിട്ട് നാലുമുതൽ രാത്രി ഒൻപതുമണിവരെ അഞ്ച് മണിക്കൂർ നേരത്തേക്കാണ് റൺവേ അടച്ചിടുന്നത്. ഈ അഞ്ച് മണിക്കൂർ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനക്രമീകരിച്ചു. യാത്രക്കാർക്ക് വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർ ലൈനുകളിൽ നിന്ന് ലഭ്യമാകും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് റൺവേ അടച്ചിടുന്നത്.
1932ല്‍ വിമാനത്താവളം സ്ഥാപിച്ചത് മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ പദ്മനാഭസ്വാമിയുടെ ആറാട്ടിന് വിമാനത്താവളം അടച്ചിടുക എന്നത് പതിവാണ്. മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അൽപശി ഉത്സവത്തിനുമാണ് ഇത്തരത്തിൽ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്. കിഴക്കേക്കോട്ടയിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേർന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതാണ് ചടങ്ങ്.
പദ്മനാഭ സ്വാമിയുടെ വിഗ്രഹം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയിലൂടെ ശംഖുമുഖം ബീച്ചിലേക്ക് കൊണ്ടുപോകുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും ആനകളുടെയും പോലീസ് ബാൻഡിന്റെയും പോലീസുകാരുടെയും അകമ്പടിയോടെയാണ് ആറാട്ട്. വൈകുന്നേരം 5:30 ഓടെ വിമാനത്താവളത്തിന്റെ വളപ്പിലേക്ക് പ്രവേശിക്കുന്ന ഘോഷയാത്ര രാത്രി എട്ടുമണിക്ക് ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം അതേ വഴിയിലൂടെ മടങ്ങും. ആറാട്ടിന് ശേഷം വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഇതോടെ ഉത്സവത്തിന് സമാപനമാകും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിക്കുകയാണ് പതിവ്.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുത്തനെ കൂടി. പ്രതിദിനം ശരാശരി 12,000ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം വന്നുപോകുന്ന വിമാനങ്ങള്‍ എണ്‍പതിലേറെയാണ്. ആഴ്ചയില്‍ ശരാശരി 126 സര്‍വീസുകളാണ് നിലവില്‍ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 154 ആണ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്ടിവിറ്റി വര്‍ധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha