പ്രവാസികൾക്ക് കനത്ത തിരിച്ചടി, ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടി വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ, പുതിയ നിരക്കുകൾ ഇങ്ങനെ
പ്രവാസികൾക്ക് കനത്ത തിരിച്ചടിയയായി ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടി വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. കൊള്ളയ്ക്ക് കിട്ടുന്ന അവസരം വിമാനക്കമ്പനികൾ വിടുമോ? ഉത്സവ സീസണുകൾ മുന്നിൽക്കണ്ട് ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തി. യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ തന്നെയാണ് ഇത്തരമൊരു നീക്കം എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ്. വിമാനനിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപെട്ടുള്ള വ്യവസായിയായ കെ സൈനുൽ ആബിദീന്റെ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് വീണ്ടും നിരക്ക് വർധനയുണ്ടായത്.
ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഹർജി വീണ്ടും പരിഗണിക്കുക. സൈനുൽ ആബിദീൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സമയം തേടിയതോടെയാണ് ഹർജി 30-ാം തീയതിയിലേക്ക് മാറ്റിയത്. ഇതിൽ യാത്രക്കാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഈ നീക്കം. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് നവംബർ 24 മുതൽ ഡിസംബർ 31 വരെ അഞ്ചിരട്ടി വരെയാണ് നിരക്ക് കൂട്ടിയത്.
ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബർ 23ലെ നിരക്ക് 6500 രൂപയാണ്. ഇത് ഡിസംബർ 15 ആകുമ്പോൾ 24,300 ആയി ഉയരും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 6500 രൂപയുള്ളത് 18,500 ആയി ഉയരും.ദുബൈയിൽ നിന്ന് കണ്ണുരിലേക്ക് 7000 രൂപയുള്ളത് 35,200 ആയും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് 6800 രൂപയുള്ളത് 16,800 രൂപയായുമായാണ് ഉയരുക. കൊച്ചി വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമെല്ലാം അഞ്ചിരട്ടിയോളമായി ടിക്കറ്റ് നിരക്ക് ഉയർന്നു. ജിദ്ദയിൽ നിന്ന് നാട്ടിലെത്താൻ നാലംഗ കുടുംബത്തിന് രണ്ട് ലക്ഷം രൂപയിലധികം വേണം.
എയർ ഇന്ത്യ എക്സ്‌പ്രസിൽ 55,000 -73,000 രൂപയാണ് നിരക്ക്. 13,000 രൂപയുടെ ടിക്കറ്റിനാണ് ഈ വർദ്ധന. ഇന്ധന വില കൂടിയതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. എന്നുവച്ച് അവധി, ഉത്സവ സീസൺ നോക്കി ഇങ്ങനെ പിടിച്ചുപറിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. വിഷു, ഓണം, ഗൾഫിലെ സ്കൂൾ അവധിക്കാലം എന്നീ അവസരങ്ങളിലും ടിക്കറ്റ് നിരക്ക് ഇങ്ങനെ കൂട്ടാറുണ്ട്. വ്യോമയാന നിയമപ്രകാരം നിരക്ക് തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് കേന്ദ്രം പറയുന്നത്.
നവംബർ 24ന് ശേഷമുള്ള നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ (എയർ ഇന്ത്യ)
ജിദ്ദ - കോഴിക്കോട്- 73,000, ഷാർജ - കോഴിക്കോട് - 37,000, അബുദാബി - കോഴിക്കോട് 17,500, അബുദാബി - തിരുവനന്തപുരം 20,000,
ദോഹ - തിരുവനന്തപുരം- 40,000, ദോഹ - കൊച്ചി - 34,000, മസ്കറ്റ് - കൊച്ചി 24,000 ഷാർജ - കണ്ണൂർ- 37,000,ദുബായ് - കണ്ണൂർ - 43,000
എന്നിങ്ങനെയാണ് നിരക്കുകൾ.
https://www.facebook.com/Malayalivartha