നിമിഷപ്രിയയുടെ മോചനത്തിന് ദിയാധനം അഞ്ചുകോടി യെമെനി റിയാൽ ..കുടുംബത്തോട് അപേക്ഷിക്കാൻ അമ്മയും മകളും യെമനിലേക്ക്
ജോലി തേടി, പുതിയ ജീവിതം തേടി നാടുവിട്ട മലയാളികൾ പലരും തങ്ങളുടേത് മാത്രമല്ലാത്ത കാരണത്താൽ അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അന്യ നാട്ടിൽ കേസിൽ അകപ്പെടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ് . അതിൽ ഒരാളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ . യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ പേര് സമൂഹ മാധ്യമങ്ങളിൽ സ്ഥിരം കേൾക്കുന്നതാണ് . നിമിഷപ്രിയയുടെ മോചനം കാത്തു കഴിയുകയാണ് അവരുടെ ബന്ധുക്കൾ ,ഒപ്പം നാട്ടുകാരും
തൊഴില്‍ സ്ഥലത്തെ ശാരീരികവും മാനസികവുമായ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു നിമിഷപ്രിയ ശ്രമിച്ചത്. എന്നാല്‍ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തുന്നതടക്കമുള്ള ക്രൂരതകളാണ് യെമന്‍ പൗരന്റെ ഭാഗത്തുനിന്നുണ്ടായത്. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി അനസ്‌തേഷ്യ മരുന്ന് കുത്തിവെക്കുകയാണുണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍വെച്ച് നിമിഷപ്രിയ പിടിക്കപ്പെട്ടു. പിന്നീട് യുവാവിന്റെ മൃതദേഹം പല തുണ്ടുകളായാണ് കണ്ടെത്തിയത്. കുറ്റകൃത്യം നിമിഷപ്രിയ ചെയ്തിട്ടില്ലെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നുമാണ് കുടുംബം പറയുന്നത്. 'കേസ് ഉണ്ടായ ഉടന്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ 50,000 ഇന്ത്യന്‍ രൂപ നിമിഷ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അന്നത് കൊടുക്കാന്‍ നിമിഷയുടെ കുടുംബത്തിന് കഴിഞ്ഞില്ല
നിമിഷപ്രിയ ജയിലിലായതോടെ കേസിനും മറ്റുമായി വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇവര്‍ വിറ്റിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച വാര്‍ത്ത കേട്ടതുമുതല്‍ അമ്മയും ഭര്‍ത്താവും മകളും മാനസികമായി തകര്‍ന്നുപോയിരിക്കുകയാണ് . ശിക്ഷയിളവ് ലഭിക്കുന്നതിനായി അപ്പീല്‍ നല്‍കാന്‍ കുടുംബസ്വത്തടക്കം വിറ്റാണ് ബന്ധുക്കള്‍ കോടതിയില്‍ പണം കെട്ടിവെച്ചിരുന്നത്.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമേ ഇത് സംബന്ധിച്ച് അനുകൂല തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ. അതിനിടെ മോചനചര്‍ച്ചകള്‍ക്കായി യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന നിമിഷപ്രിയയുടെ അമ്മയുടെ അഭ്യര്‍ഥനയും കേന്ദ്രസര്‍ക്കാരിന് മുന്നിലാണുള്ളത്. ആ അമ്മയുടെ ആഗ്രഹം , മോളെ കാണണം , ഒപ്പം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് മാപ്പിരക്കണം. മാപ്പപേക്ഷിച്ചാല്‍ അവര്‍ പൊറുക്കുമെന്നാണ് ആ 'അമ്മ വിശ്വസിക്കുന്നത്
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കി നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുക്കാനാവും എന്ന ഒരു പ്രതീക്ഷ മാത്രമാണ് ഇപ്പോൾ കുടുംബത്തിന് ഉള്ളത് . ബ്ലഡ് മണി (ദിയാധനം) എന്നാണ് ഈ തുക അറിയപ്പെടുന്നത്. പണം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. അഞ്ചുകോടി യെമെനി റിയാലാണ് ദയാധനമായി വേണ്ടിവരികയെന്നാണ് വിവരം. യെമനിലെ വിനിമയ നിരക്കുപ്രകാരം ഇത് ഒന്നരക്കോടി രൂപ വരുമെങ്കിലും സനാമേഖലയിൽ ഒരുകോടിയിൽ താഴെയാണെന്ന് പറയുന്നു. എന്നാൽ, തുക എത്രയാണെന്ന് തലാലിന്റെ കുടുംബം അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത്രയും പണം എങ്ങനെ ഉണ്ടാക്കുമെന്ന് തീർച്ചയില്ലെങ്കിലും മോചനത്തിനായി ആ ഒരു വഴിയെങ്കിലും തെളിയണമെന്ന പ്രാർത്ഥനയിലാണ് കുടുംബം
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തിലുള്ള ഇന്‍റര്‍നാഷണല്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്. അഭിഭാഷകര്‍, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദേശത്തുള്ള ഇന്ത്യന്‍ പ്രതിനിധികളടക്കമുള്ളവരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ - സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചനദൗത്യം ഏകോപിപ്പിക്കലാണ് സംഘത്തിന്റെ ദൗത്യം.
യെമനിലെ മേല്‍ക്കോടതികള്‍ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ ആക്ഷൻ കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലും എംബസി തലത്തിലും കോടതി തലത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യെമനിലെ തന്നെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം നിമിഷപ്രിയയ്ക്കായി ലഭ്യമാക്കി. ദിയാധനം നല്‍കി കേസ് അവസാനിപ്പിക്കാനായി തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കും ആക്ഷന്‍ കൗണ്‍സിലാണ് നേതൃത്വം നല്‍കുക.ദിയാധനം നല്‍കിയാല്‍ മോചനം സാധ്യമാണെങ്കില്‍ അത് നല്‍കാന്‍ സന്നദ്ധനാണെന്ന് മലയാളി വ്യവസായി യൂസഫലിയും വാക്ക് നല്‍കിയിട്ടുണ്ട്
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇനി നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി 'ബ്ലഡ് മണി'യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് പോകാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷപ്രിയയുടെ കുടുംബത്തെയും കോടതിയേയും നേരത്തെ അറിയിച്ചിരുന്നു. 2016 മുതല്‍ യെമനില്‍ പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. യെമനിലേക്ക് ഇന്ത്യയില്‍ നിന്ന് പണമയക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പണം സ്വീകരിക്കാന്‍ യെമന്‍ പൗരന്റെ കുടുംബം അറിയിച്ചാലും അത് കൈമാറാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. യെമനിലേക്ക് പോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യം. നിമിഷപ്രിയയുടെ മകളും അമ്മയും കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തെ കണ്ട് ചര്‍ച്ചകള്‍ നടത്തി നിമിഷക്ക് മാപ്പു നല്‍കണമെന്ന് അപേക്ഷിച്ചാൽ അവരത് തള്ളിക്കളയില്ല എന്ന വിശ്വാസമാണ് ഇപ്പോൾ ആകെ ഉള്ള ആശ്വാസം
https://www.facebook.com/Malayalivartha