വിമാനത്തിനുള്ളിൽ ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ വഴക്കും കൈയ്യാങ്കളിയും, വിമാനം അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തിലിറക്കി
വിമാനത്തിൽ ചില യാത്രക്കാരുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. ഇത് പലപ്പോഴും സർവീസിനെ തന്നെ ബാധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ദമ്പതികള്‍ തമ്മില്‍ വിമാനത്തിനുള്ളിൽ പൊരിഞ്ഞ വഴക്കും കൈയ്യാങ്കളിയും ഉണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ക്യാബിന്‍ ക്രൂ ഇടപെട്ടിട്ടും തര്‍ക്കം അവസാനിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനം നിലത്തിറക്കാന്‍ തീരുമാനമെടുത്തത്.
സ്വിറ്റ്സർലാൻഡിലെ മ്യൂണിക്കിൽ നിന്നും ബാങ്കോക്കിലേക്ക് പറന്ന ലുഫ്താന്‍സ വിമാനമാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തിലിറക്കിയത്. ജര്‍മന്‍കാരനായ യുവാവും തായ്‌ലന്‍ഡ് സ്വദേശിനിയായ ഭാര്യയയുമാണ് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ വിമാനത്തിനുള്ളില്‍ വഴക്കടിച്ചത്. വിമാനം ഡല്‍ഹിയില്‍ ഇറക്കിയതിന് പിന്നാലെ ജര്‍മന്‍ പൗരനെ പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പുരുഷ യാത്രക്കാരന്‍റെ പെരുമാറ്റം പരിധി വിട്ടെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയും ഭർത്താവും തമ്മിൽ തർക്കം ഉടലെടുക്കാനുള്ള കാരണം വ്യക്തമല്ല.
എങ്കിലും ഇരുവരും കയ്യേറ്റം ചെയ്തതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നുവെന്നും അടിയന്തരമായി നിലത്തിറക്കിയെന്നും ഡൽഹി വിമാനത്താവളത്തിലെ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. ആദ്യം പാക്കിസ്ഥാനിലെ ഏതെങ്കിലും വിമാന താവളങ്ങളില്‍ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ലുഫ്താന്‍സ വിമാനത്തിന് അനുമതി ലഭിച്ചില്ല. ഇതോടെയാണ് ഡല്‍ഹിയില്‍ അനുമതി തേടുകയും പിന്നാലെ നിലത്തിറക്കുകയുമായിരുന്നു. സംഭവത്തില്‍ ലുഫ്താന്‍സ ഇതുവരേയ്ക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha