വിമാനത്തിൽ കുത്തിയൊലിച്ച് വെള്ളം, എയർ ഇന്ത്യയിൽ നനഞ്ഞ് കുളിച്ച് യാത്രക്കാർ, വീഡിയോ വൈറൽ
യാത്രക്കാരുടെ സുക്ഷയ്ക്കാണ് ഏതൊരു വിമാനക്കമ്പനിയും പ്രഥമ പരിഗണന നൽകുന്നത്. അതിനാൽ ആവശ്യയായ എല്ലാ സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രക്കായി പുറപ്പെടുന്നത്. നൂറ് കണക്കിന് യാത്രക്കാരുമായി ആകാശമാര്‍ഗ്ഗേണ പോകുന്ന വിമാനങ്ങളില്‍ ചെറിയൊരു വീഴ്ചയുണ്ടെങ്കില്‍ പോലും പറക്കാനുള്ള അനുമതി നിഷേധിക്കപ്പെടും. ഒന്നെങ്കില്‍ സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമോ അല്ലെങ്കില്‍ മറ്റൊരു വിമാനത്തിലോ ആളുകളെ യഥാസ്ഥാനത്ത് എത്തിക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ട ഒരു വിഡീയോ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു.
വീഡിയോയില്‍ എയര്‍ ഇന്ത്യാ വിമാനത്തിനുള്ളില്‍ മഴയിലെന്ന പോലെ വെള്ളം ചോര്‍ന്നൊലിക്കുകയായിരുന്നു. ഓവര്‍ഹെഡ് ബിന്നില്‍ നിന്ന് വെള്ളം താഴേക്കുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളം വീഴുന്ന ഭാഗത്തെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും യാത്രക്കാര്‍ മറുഭാഗത്ത് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരില്‍ ചിലര്‍ നല്ല ഉറക്കത്തിലായിരുന്നു. വെള്ളം ശരീരത്തില്‍ വീഴാതിരിക്കാന്‍ ചിലര്‍ തുണികൊണ്ട് ശരീരം മൂടിയിരുന്നു.
വിമാനത്തിനുള്ളില്‍ മുഴുവനും വെള്ളം തളം കെട്ടിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിനുള്ളില്‍ വെള്ളം ചോരുന്നതിനാൽ ഇടയ്ക്ക് യാത്രക്കാരോട് പൈലറ്റ് ക്ഷമ ചോദിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് നടത്തുന്നതും വീഡിയോയിൽ കേൾക്കാം. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. എയര്‍ ഇന്ത്യയിലെ യാത്ര പറഞ്ഞറിയിക്കാനാവാത്ത അനുഭവമെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എട്ടര ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. രസകരമായ കമന്റുകളോടൊപ്പം രൂക്ഷമായ വിമര്‍ശനങ്ങളും വീഡിയോയ്ക്ക് താഴെ ഉയരുന്നുണ്ട്. സംഭവം ദയനീയമാണെന്നും യാത്രക്കാര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ചിലരുടെ വാദം. മറ്റൊരാള്‍ എഴുതിയത്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരരായ യാത്രക്കാർ. അവരിൽ കുറച്ചുപേർ ഉറങ്ങുകയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.' എന്നാല്‍ പലപ്പോഴും വിമാനങ്ങളില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ടെന്നും ചലിപ്പോള്‍ എസി ലീക്ക് ആയിരിക്കുമെന്നും ചിലര്‍ എഴുതി.
മഞ്ഞ്/ഐസ് ധാരാളമായി ഓവര്‍ഹെഡ് ബിന്നില്‍ നിറഞ്ഞിട്ടുണ്ടാകാമെന്നും എന്നാല്‍ പിന്നീട് വിമാനത്തിന്‍റെ ബോഡി ചൂടായതോടെ പെട്ടെന്ന് ഈ ഐസുരുകി വെള്ളമായി വീണതാകാമെന്നും ചിലര്‍ കുറിച്ചു. സാധാരണഗതിയില്‍ ഇങ്ങനെ ഒലിച്ചിറങ്ങുന്ന വെള്ളം വിമാനത്തിന്‍റെ ബോഡിയുടെ വശങ്ങളിലേക്ക് പോവാറാണുള്ളത്. എന്നാല്‍ എലിയോ മറ്റ് ജീവികളോ ഇന്‍സുലേഷന്‍ കടിച്ച് മുറിച്ചിട്ടുണ്ടാകാമെന്നും അങ്ങനെയാകാം ചോര്‍ച്ച സംഭവിച്ചതെന്നും മറ്റൊരു സാധ്യതയും കാണുന്നില്ലെന്നും ഒരാള്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
2018-ല്‍ ഫ്രാങ്ക്ഫര്‍ട്ട്- ഡല്‍ഹി യാത്രയില്‍ സമാന അനുഭവം നേരിട്ടിരുന്നതായി ഒരുവ്യക്തി പറഞ്ഞു. എയര്‍കണ്ടീഷനിലെ തകരാറായിരുന്നു കാരണമെന്നും 10 മിനിറ്റിനകം പ്രശ്നം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.1957 മുതൽ 2021 വരെ എയർ ഇന്ത്യ ഇന്ത്യാ ഗവൺമെന്‍റിന്‍റെ കീഴിലായിരുന്നു. 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തെങ്കിലും നിരവാരത്തിലോ ഗുണമേന്മയിലോ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും ചിലര്‍ പരാതി പറഞ്ഞു. അതേസമയം, വിമാനത്തിലെ ചോര്‍ച്ചയോട് എയര്‍ ഇന്ത്യ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha