നിമിഷപ്രിയയെ കാണാനുള്ള അനുവാദം നല്‍കി ഹൈക്കോടതി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാനുള്ള അനുവാദം നല്‍കി ഹൈക്കോടതി. സന്ദര്‍ശനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വാദത്തിനിടെ നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി നല്‍കുന്നത് വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി യമന്‍ സന്ദര്‍ശിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനല്‍കുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കാണ് കത്ത് കൈമാറിയത്.
യമനില്‍ പ്രേമകുമാരിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേല്‍ ജെറോമിന്റെ വിവരങ്ങള്‍ നിമിഷപ്രിയയുടെ അമ്മയുടെ അഭിഭാഷകനായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും കോടതിയെ ധരിപ്പിച്ചു. വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി ഇവരോട് നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് യമന്‍ സന്ദര്‍ശിക്കാന്‍ നിമിഷപ്രിയയുടെ അമ്മയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha