നിമിഷ പ്രിയയുടെ മോചനത്തിന് ഇനി എത്രനാൾ, എത്രയും വേഗം മകളെ കാണാനാണ് ശ്രമിക്കുന്നതെന്ന് അമ്മ, യെമനിലേക്ക് പോകാനുള്ള അനുമതി ലഭിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് പ്രേമകുമാരി
നിമിഷ പ്രിയയുടെ മോചനത്തിന് ഇനി എത്രനാൾ. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയതോടെ ഓരോദിവസവും കഴിയുന്തോറും തന്റെ ജീവൻ അപകടത്തിലാണെന്ന് നിമിഷപ്രിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. എന്നാൽ മോചനത്തിനായുള്ള ഇടപെടലിനായി അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ ഹൈക്കോടതി അനുമതി നൽകിയതോടെ ഇനി ഇവർ എന്നാണ് യെമനിലേക്ക് പോകുന്നതെന്ന് സംബന്ധിച്ച് വിവരങ്ങൾ വരേണ്ടതുണ്ട്. കൂടാതെ ആരൊക്കെ ഇവർക്കൊപ്പം പോകുന്നത് എന്നുള്ള വിവരങ്ങളും പറത്തുവരേണ്ടതുണ്ട്.
അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച 2 മലയാളികളുടെ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. അതുപോലെ യെമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രതികരിച്ചു.
യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം ഇനിയും അനുമതികൾ ലഭിക്കാനുണ്ട്. എത്രയും വേഗം മകളെ കാണാനാണ് ശ്രമിക്കുന്നതെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് നിമിഷപ്രിയയുടെ അടുത്തേക്ക് പോകാൻ അമ്മയ്ക്ക് അനുമതി നൽകിയത്. നേരത്തെ ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയിൽ തിരുത്തിയിരുന്നു.
എന്നാൽ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശം നൽകി. വിഷയത്തിൽ ഹൈക്കോടതി കൃത്യമായ നിലപാടെടുത്തതോടെ യെമൻ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകേണ്ടി വരും.
കൊല്ലപ്പെട്ട താലാലിൻ്റെ കുടുംബവുമായി നേരിട്ട് സംസാരിച്ച് ബ്ലഡ് മണിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ നീക്കം. താലാലിൻ്റെ കുടുംബത്തിൽ എതിർത്തു നിൽക്കുന്നവരുമായി ഇടനിലക്കാർ വഴി സംസാരിച്ച് തീരുമാനത്തിലെത്തുകയും ദയാധനം യെമനിലെത്തിച്ചു കെെമാറണമെന്നുമാണ് നിമിഷപ്രിയയുടെ കുടുംബം ആലോചിച്ചിരുന്നത്. അതേസമയം കുടുംബത്തിലെ ഒരാളെങ്കിലും ദയാ ധനത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചാൽ അത് സ്വീകരിക്കാനാകില്ലെന്നാണ് നിയമം.
നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. കൊലപാതകം നടത്തിയശേഷം നിമിഷപ്രിയ മൃതദേഹം വികൃതമാക്കിയിരുന്നു. യെമനിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ നിലനിൽക്കുന്ന നിയമം അനുസരിച്ച് മൃതമദേഹം വികൃതമാക്കാൻ പാടില്ലെന്നാണ്.
ഒരുപക്ഷേ കൊലപാതകം ക്ഷമിച്ചാലും മൃതദേഹം വികൃതമാക്കിയ നടപടി ക്ഷമിക്കാൻ കഴിയാത്ത കുറ്റമാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല യെമനിലെ ഗോത്ര സംസ്കാരം അനുസരിച്ച് സ്ത്രീകള്‍ക്കു പുരുഷനേക്കാള്‍ കടുത്ത ശിക്ഷയാണുള്ളത്. ഇതും നിമിഷപ്രിയയുടെ മോചനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha