ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ പ്രതീക്ഷിച്ച് റഷ്യയില്‍ എത്തി... പിന്നെ നടന്നത് യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായ പ്രവാസികളെ
ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ പ്രതീക്ഷിച്ച് റഷ്യയില്‍ എത്തിയതിന് പിന്നാലെ യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായ പ്രവാസികള്‍. തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളില്‍ റെയ്ഡുമായി സിബിഐ. ഡല്‍ഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യന്‍ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്.
35 ഓളം പേരെ വിദേശത്തേക്ക് അയച്ചതായാണു കണ്ടെത്തല്‍. വിവിധ വീസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കേസെടുത്തു. 50 ലക്ഷം രൂപയും രേഖകളും ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയും ഇതുവരെയുള്ള പരിശോധനയില്‍ പിടിച്ചെടുത്തു. പ്രതികളെന്നു സംശയിക്കുന്നവരെ വിവിധയിടങ്ങളിലായി ചോദ്യം ചെയ്യുകയാണ്. റഷ്യയില്‍ കുടുങ്ങി യുക്രെയ്‌ന് എതിരെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാന്‍ (30) എന്നയാള്‍ കൊല്ലപ്പെട്ടതായി ഇന്നലെ സ്ഥിരീകരണം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിവിധയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നത്.
അസ്ഫാനെ റഷ്യയില്‍നിന്നു തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയെ കണ്ടിരുന്നു. തുടര്‍ന്ന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുമായി എംപി ബന്ധപ്പെട്ടപ്പോളാണ് മരണവിവരം അറിഞ്ഞത്. റഷ്യന്‍ യുദ്ധമുഖത്തു നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha