പ്രവാസികളുടെ കുടുംബത്തിനായ്... തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കല്‍ ലക്ഷ്യമിട്ട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
യുഎഇയില്‍ 35 ലക്ഷത്തോളം വരുന്ന ഇന്ത്യയില്‍ നിന്നുള്ള പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇ ആസ്ഥാനമായുള്ള തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കല്‍ ലക്ഷ്യമിട്ടാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നീക്കം. അപകടമോ സ്വാഭാവിക കാരണങ്ങളാലോ ഒരു തൊഴിലാളി മരണപ്പെട്ടാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17 ലക്ഷം രൂപ (75,000 ദിര്‍ഹം) വരെ നഷ്ടപരിഹാരം ലഭിക്കും. യുഎഇയിലെ രണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 'ബ്ലൂ കോളര്‍' തൊഴിലാളികള്‍ക്കായിരിക്കും ഈ പദ്ധതി ഉപകാരപ്രദമാകും.
7 ദിര്‍ഹം മുതല്‍ 72 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയമുള്ള 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള തൊഴിലാളികള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. കൂടാതെ ഈ ഇന്‍ഷുറന്‍സുള്ളയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിര്‍ഹവും നല്‍കും. നിലവില്‍ ജീവനക്കാരുടെ സ്വാഭാവിക മരണത്തിന് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്വാഭാവിക മരണമായതിനാല്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ലഭിക്കാറില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഷുറന്‍സിന്റെ പരിധി അടക്കമുള്ള കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് സേവന ദാതാക്കളും ഇന്ത്യന്‍ ബ്ലൂ കോളര്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
യുഎഇയില്‍ 35 ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. അതില്‍ 65 ശതമാനവും ബ്ലൂ കോളര്‍ തൊഴിലാളികളാണ്. 2022ല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 1,750 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏകദേശം 1,100 പേരും തൊഴിലാളികളാണ്. കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്ത 1,513 മരണങ്ങളില്‍ 1000ത്തോളം തൊഴിലാളികളുടേതാണ്. നിലവില്‍ മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരം [തൊഴില്‍ സംബന്ധമായ പരിക്കുകളും മരണങ്ങളും] എന്നിവ പ്രകാരം ഇന്‍ഷുറന്‍സ് നല്‍കി വരുന്നുണ്ട്.
അതേസമയം ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി പരിഗണനയിലെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രവാസികള്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമായി ആവിഷ്‌കരിച്ചിരിക്കുന്ന അഞ്ചു ലക്ഷം രൂപയുടെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് ചുരുങ്ങിയ പ്രീമിയം തുക മതിയാകും. നോര്‍ക്ക സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനുള്ള നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകാരത്തിനായി അയച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha