അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തിലും പുതിയൊരു പ്രതീക്ഷ കൈവന്നിരിക്കുകയാണ്. എന്നാൽ നിമിഷ പ്രിയയുടെ സാഹചര്യം തികച്ചും വ്യത്യസ്തമാണ് എന്ന പ്രശ്നം നിലവിലുണ്ട്. സർക്കാർ സംവിധാനം ശരിയായി പ്രവർത്തിക്കാത്ത യമനിലാണ് നിമിഷ പ്രിയ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്.
എങ്കിലും പരിശ്രമങ്ങൾ തുടരുകയാണ്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വൈസറായ സുഭാഷ് ചന്ദ്രൻ പറയുന്നു. ഈ വിഷയത്തിൽ വർഗീയത കലർത്താനുള്ള ശ്രമങ്ങൾ നടക്കുന്നത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
റഹീമിന്റെ മോചനം സാധ്യമായതോടെ ചില വർഗ്ഗീയ പ്രചാരണങ്ങളും നടക്കുന്നതായി ആരോപണമുണ്ട്. ഇസ്ലാം മത വിശ്വാസിയായത് കൊണ്ടാണ് 34 കോടി പിരിഞ്ഞു കിട്ടിയതെന്നും അന്യമതസ്ഥയായ നിമിഷ പ്രിയയ്ക്ക് വേണ്ടി ആരും ഇടപെടുന്നില്ലെന്നുമാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം സത്യമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് സുപ്രീംകോടതിയിലെ അഭിഭാഷകനും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വൈസറുമായ അഡ്വ. സുഭാഷ് ചന്ദ്രൻ രംഗത്ത് എത്തിയത്. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും, ഇനി എന്തെല്ലാമാണ് ചെയ്യാനുള്ളതെന്നും സുഭാഷ് ചന്ദ്രൻ കെആർ വിശദമായി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു.
ഇന്ന് റഹീം; നാളെ നിമിഷ പ്രിയ
സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ ജീവന്റെ വിലയായ 34 കോടി രൂപ വളരെ കുറഞ്ഞ സമയം കൊണ്ടു സമാഹാരിച്ചെടുത്തു മലയാളികൾ ഒരിക്കൽ കൂടി മാതൃകയായിരിക്കുകയാണ്. ദിയ ധനം ഇരയുടെ കുടുംബത്തിന് ഔദ്യോഗികമായി കൈമാറി റഹീമിനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ തുടരും.
റഹീമിന്റെ മോചനം സാധ്യമാക്കാൻ മലയാളികൾ ജാതി - മത - രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചപ്പോൾ ഇതാ “റിയൽ കേരള സ്റ്റോറി” എന്ന ടൈറ്റിലുകൾ സോഷ്യൽ മീഡിയ ഫീഡുകളിലാകെ നിറഞ്ഞു. എന്തിനും ഏതിനും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം പറയുന്നവർക്ക് ഇത് സഹിക്കാനാകുന്നില്ല; റഹീമായതുകൊണ്ടാണ്, ഇസ്ലാം മത വിശ്വാസിയായത് കൊണ്ടാണ് 34 കോടി പിരിഞ്ഞു കിട്ടിയതെന്നും അന്യ മതസ്ഥയായ നിമിഷ പ്രിയക്ക് വേണ്ടി ആരും ഇടപെടുന്നില്ലെന്നും ഈ വർഗീയ ഭ്രാന്തന്മാർ ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ 2020 ലാണ് സനയിലെ വിചാരണ കോടതി നിമിഷ പ്രിയ ടോമി തോമസിന് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ ഇടപെടലിന്റെ ഭാഗമായി അപ്പീൽ കോടതിയിൽ അപ്പീൽ നൽകുകയും, വധശിക്ഷ ശരിവെച്ചപ്പോൾ തന്നെ വിചാരണ കോടതി വിധി ഭാഗികമായി പരിഷ്കരിച്ച് ബ്ലഡ് മണി എന്ന സാധ്യത നിമിഷക്ക് മുന്നിൽ തുറന്നിടുകയാണ് അപ്പീൽ കോടതി ചെയ്തത്. തുടർന്ന് സൂപ്രീം ജുഡീഷ്യൽ കൗൺസിലും 2023 നവംബറിൽ ഈ വിധി ശരിവെച്ചു.
അപ്പീൽ കോടതി തുറന്നു നൽകിയ ബ്ലഡ് മണി എന്ന സാധ്യത ഉപയോഗപ്പെടുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. സൗദിയിൽ നിന്നോ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നോ വ്യത്യസ്തമായി ബ്ലഡ് മണി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ യെമനിൽ പരിമിതികളുണ്ടെന്നതാന്ന് വസ്തുത.
ദീർഘ കാലമായി ആഭ്യന്തര കലാപം തുടരുന്നതിനാൽ മലയാളികളോ ഇന്ത്യക്കാരോ അപൂർവം. 2016 മുതൽ ഇന്ത്യയിൽ നിന്ന് യെമനിലേക്ക് കേന്ദ്ര സർക്കാരിന്റെ യാത്ര നിരോധനം. നിമിഷയുടെ മോചന ചർച്ചകൾക്കായി അമ്മയും മകളുമുൾപ്പടെയുള്ള ബന്ധുക്കൾക്കും ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കും യാത്രനുമതി നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരകരിച്ചപ്പോൾ ആക്ഷൻ കൗൺസിൽ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഒരുവർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ എതിർപ്പിനെ മറികടന്നു നിമിഷയുടെ അമ്മക്ക് യെമൻ സന്ദർശിക്കാൻ ഡൽഹി ഹൈകോടതി അനുമതി തന്നു.
ഹൈകോടതി വിധിക്കു ശേഷം യെമനിലേക്ക് പോകാനുള്ള വിസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു അടുത്തയാഴ്ചയോടെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ സഹായത്തോടെ യെമനിലേക്ക് തിരിക്കും. സനയിലെത്തി നിമിഷയെ കണ്ടശേഷം കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ സന്ദർശിച്ചു മാപ്പാപേക്ഷിക്കും; ദിയ ധനം സ്വീകരിച്ചു നിമിഷയെ കൊലക്കയറിൽ നിന്നും മോചിപ്പിക്കാൻ അപേക്ഷിക്കും.
ശരിയാ നിയമ പ്രകാരം മോചന ദ്രവ്യം സ്വീകരിച്ചു വധശിക്ഷ ഒഴിവാക്കാണോ എന്നത് ഇരയുടെ കുടുംബത്തിന്റെ വിവേചനാധികാരമാണ്; മോചനദ്രവ്യം സ്വീകരിക്കുകയാണെങ്കിൽ തുക എത്രയെന്നതും. നിമിഷയുടെ അമ്മ പ്രേമകുമാരി വരും ദിവസങ്ങളിൽ തലാലിന്റെ കുടുംബത്തെ / ഗോത്ര നേതാക്കളെ കണ്ടാൽ മാത്രമേ മോചനദ്രവ്യം സ്വീകരിച്ച് നിമിഷയെ മോചിപ്പിക്കാനാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമാകൂ;
മോചനദ്രവ്യ തുക എത്രയെന്ന കാര്യവും. അറിയാതെ ചെയ്തുപോയ ഒരു കുറ്റത്തിന്, ശരിയായ നിയമ സഹായം ലഭിക്കാതെ,ആഭ്യന്തര യുദ്ധകാലത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. റഹീമിന്റെ ഉമ്മയുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി പ്രേമകുമാരിയുടെയും 10 വയസുകാരി മിഷേലിന്റെയും മുഖത്തു വിരിയിക്കാൻ കേരളം കൈകോർക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
വസ്തുതകൾ ഇതായിരിക്കെ കേവല വിഭാഗീയ താല്പര്യങ്ങൾക്കുവേണ്ടി നിമിഷയെയും കുടുംബത്തെയും ഇനിയും വേട്ടയാടരുതെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. ഇന്ന് റഹീമെങ്കിൽ നാളെ നിമിഷക്കു വേണ്ടിയും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കേരളം കൈകോർക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്, ആ സുദിനത്തിനായി നമുക്കൊരുമിച്ചു കാത്തിരിക്കാം. എന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha