റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും അദ്ദേഹത്തെ മോചിപ്പിക്കാനുമുള്ള അപേക്ഷയിൽ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും. വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയിൽ തുടർ വാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിനുള്ള മോചനദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാണ്.
ഇന്നലെയാണ് സൗദിയിലെ റിയാദിലുള്ള കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലിൽ സ്വീകരിച്ചത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി പേപ്പർ രഹിതമായി ഓൺലൈൻ വഴിയാണ് നിലവിൽ സൗദി കോടതികളിൽ നടപടിക്രമങ്ങൾ. ഇതിനാൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിച്ചത്. ദിയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരവും വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമാണ് അപേക്ഷയിലുള്ളത്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ ഉത്തരവുണ്ടാകുക. കോടതി വിളിപ്പിക്കുന്നതോടെ ഇരുവിഭാഗത്തിന്റെയും അറ്റോണിമാർ വിഷയത്തിൽ നിലപാട് കോടതിയെ അറിയിക്കും.
വധശിക്ഷാ കേസായതിനാൽ ദിയാധനം നൽകാൻ പ്രതിഭാഗം തയ്യാറാണെന്നുള്ള വിവരം കൊല്ലപ്പെട്ട അനസിയുടെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് കോടതിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്ന ആദ്യ നടപടി. ഇത് സുപ്രീംകോടതി ശരിവെക്കണം. ഇതിന് ശേഷം ജയിൽ വകുപ്പിന് ഈ ഉത്തരവ് കൈമാറും. വധശിക്ഷാ കേസായതിനാൽ നടപടിക്രമങ്ങളുണ്ടാകും.
എങ്കിലും പരമാവധി വേഗത്തിൽ ഇവ തീർക്കാനാണ് സഹായസമിതിയുടെ ശ്രമം. റഹീമിന്റെ കേസിൽ എംബസിയുടെ ഭാഗത്ത് നിന്ന് യൂസുഫ് കാക്കഞ്ചേരിയും പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരുമാണ് കേസിൽ നടപടികൾ വേഗത്തിലാക്കാൻ രംഗത്തുള്ളത്. റഹീമിന്റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് റഹീമിന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ദയാധനം നൽകാൻ തയാറാണെന്നും കോടതിയെ അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
കോടതി വിധിക്കനുസരിച്ചാണു മരിച്ച സൗദി പൗരന്റെ കുടുംബത്തിനു പണം കൈമാറുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അശ്റഫ് വേങ്ങാട്ട്, റഹീമിന്റെ കുടുംബത്തിന്റെ ലീഗൽ കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂർ എന്നിവരാണ് നിയമനടപടികൾ ഏകീകരിക്കുന്നത്.
ദയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധ ശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വധ ശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീം കോടതി ശരി വെക്കുകയും വേണം. ഇതിനെല്ലാം ശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു. ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. 2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി.
കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്.
ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്.
ഏറെക്കാലത്തെ അപേക്ഷയ്ക്കു ശേഷമാണ് 15 മില്യൺ റിയാൽ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ടു വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. 2006ൽ റിയാദിൽ ജോലിക്കെത്തി ഒരുമാസം തികയും മുമ്പേയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha