നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...
കോടതിയുടെ അനുമതി ലഭിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്. യെമനിലേക്ക് പോകാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗവും യെമനിലെ ബിസിനസുകാരനുമായ സാമുവല്‍ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്.
ശനിയാഴ്ച കൊച്ചിയില്‍ നിന്ന് മുംബയ് വഴിയായിരിക്കും ഇവര്‍ യാത്ര തിരിക്കുന്നത്. മുംബയില്‍ നിന്ന് യെമനിലെ ഏഡന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് കരമാര്‍ഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സനയിലെ ജയിലിലെത്തി നിമിഷപ്രിയയെ കാണാനാണ് പദ്ധതി. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ അബ്ദു മഹീദിന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും സാദ്ധ്യതയുണ്ട്.
നിലവില്‍ യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. നേരത്തെ പ്രേമകുമാരിക്ക് പോകുന്നതിന് സര്‍ക്കാരിന് സഹായം ചെയ്യാന്‍ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സ്വന്തമായി പോകാമെന്ന് പ്രേമകുമാരി അറിയിച്ചത്.
കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. നിമിഷപ്രിയയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യെമന്‍ പൗരന്‍ തലാല്‍ അബ്ജു മഹീദ് 2017ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു.
https://www.facebook.com/Malayalivartha