തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കി
തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അതിരാവിലെ പുറപ്പെടേണ്ട മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് അതിരാവിലെ 1 മണിക്ക് അബുദാബിയിലേക്ക് പോകേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10ന് സൗദി അറേബ്യയിലെ ദമാമിലേക്ക് പോകേണ്ട വിമാനം നേരത്തെ റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിച്ച് ഉറപ്പാക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ് രാജ്യത്താകെയുള്ള വിമാനയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇതോടെ റദ്ദായി. ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവരും, വീസ കാലാവധി തീരുന്നവരും ഇതോടെ പ്രതിസന്ധിയിലായി. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ ഇന്ന് രാവിലെ മുതല്‍ കഷ്ടപാടിലാണ്.
ഇന്നലെ രാത്രി മുതലാണ് വിമാനങ്ങള്‍ റദ്ദ് ചെയ്തു തുടങ്ങിയത്. ഇതോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റദ്ദാക്കിയത് 12 സര്‍വ്വീസുകളാണ്. തിരുവനന്തപുരത്തും കണ്ണൂരിലും അഞ്ച് വീതം സര്‍വ്വീസുകളും റദ്ദാക്കി. യാത്ര ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha