കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...
വിമാനക്കമ്പനി ജീവനക്കാരുടെ സമരത്തെത്തുടർന്ന് ഭാര്യയ്ക്ക് അവസാനമായൊന്ന് കാണാനാകാതെ വിദേശത്ത് മരിച്ച നമ്പി രാജേഷിന് കണ്ണീരോടെ വിട. പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ കൂടെ നിന്ന് കരുതാൻ അമൃത ഒരുപാട് ആഗ്രഹിച്ചു. തന്നാലാവും വിധമെല്ലാം പോരാടി. സമരം കാരണം അമൃതയ്ക്ക് പോകാൻ വഴി അടഞ്ഞതോടെ രാജേഷിന് നാളെ നാട്ടിലേയ്ക്ക് തിരിക്കാൻ ടിക്കറ്റെടുത്തു നല്‍കി. പ്രാർഥനയോടെ കാത്തിരുന്ന കുടുബാംഗങ്ങൾക്ക് മുന്നിലേയ്ക്കാണ് ഒരു ദിനം മുന്നേ രാജേഷിൻ്റെ ജീവനറ്റ ശരീരമെത്തിയത്.
രാവിലെ ഏഴു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. നമ്പി രാജേഷിന്റെ ഭാര്യാപിതാവ് രവി ഓഫീസിനു മുമ്പിൽ കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ മുതിർന്ന ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും ചർച്ചയാകാമെന്നും ഉറപ്പ് നൽകി. സംസ്കാരത്തിനു ശേഷം ചർച്ചയാകാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു.
വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് മറുപടി പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. നമ്പി രാജേഷ് ഒമാനിലെ വാദി കബീർ ഇന്ത്യൻ സ്കൂളിൽ ഐടി മാനേജരായിരുന്നു .തളർന്നു വീണ് ആശുപത്രിയിലായിരുന്ന നമ്പി രാജേഷിനെ കാണാൻ ഏഴാം തീയതിയാണ് അമൃതയും അമ്മയും ടിക്കറ്റ് ബുക്ക് ചെയ്തത്.
വിമാനം റദ്ദാക്കിയതിനാൽ 8 ന് പകരം ടിക്കറ്റ് നല്‍കിയെങ്കിലും ആ വിമാനവും മുടങ്ങി. ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാണനു വേണ്ടി പിടഞ്ഞ നിമിഷങ്ങളിൽ ഉറ്റവർ ആരെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന വേദന ബാക്കിയാക്കിയാണ് രാജേഷിന്റെ മടക്കം.
എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യ അമൃതയ്‌ക്ക് രാജേഷിന്റെ അടുത്തേക്ക് പോകാൻ സാധിക്കാതെ വരുകയായിരുന്നു. മസ്‌കറ്റിൽ ഐടി മാനേജരായി ജോലി ചെയ്‌ത് വരികയായിരുന്നു നമ്പി രാജേഷ്. ഈ മാസം ഏഴാം തീയതിയാണ് രാജേഷിനെ ഹൃദയാഘാതം മൂലം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയെ കാണണമെന്ന് അന്നുതന്നെ ആഗ്രഹം പറഞ്ഞിരുന്നു.
ഭർത്താവിനടുത്തേക്ക് പോകാനായി അമൃത എട്ടാം തീയതി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. എന്നാൽ, മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാൻ പോകാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നില്ല .
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ നിന്ന് അമൃത തന്‍റെ അവസ്ഥയെ കുറിച്ച് പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. എങ്ങനെയും പോയേ പറ്റൂ എന്നാണ് അന്ന് നിസഹായതോടെ അമൃത പ്രതികരിച്ചത്. എന്നാല്‍ അവസാനമായി അമൃതയ്ക്ക് ഭര്‍ത്താവിനെ കാണാൻ സാധിച്ചില്ലെന്നതാണ് ഏവരെയും വേദനിപ്പിക്കുന്നത്.
ഭർത്താവിന് അരികിലേക്ക് ഉടൻ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാൻ എയർ ഇന്ത്യ അധികൃതർ ശ്രമിച്ചിരുന്നില്ല. ഇനി എന്ത് ഉറപ്പ് നൽകിയാലും നടപടിയെടുത്താലും അമൃതയുടെ കണ്ണീർ തോരുകയുമില്ല, മൃതദേഹം കരമനയിലെ വീട്ടിലെത്തിയപ്പോൾ കാത്തിരുന്ന ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷെത്തിയതോടെ കൂട്ടക്കരച്ചിൽ ഉയരുകയായിരുന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തികവാടത്തിലായിരുന്നു സംസ്കാരം.
https://www.facebook.com/Malayalivartha